ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് തോല്‍വി

Jaihind News Bureau
Monday, August 13, 2018

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ പരാജയം. ഇന്നിംഗ്സിനും 159 റൺസിനുമാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. നാല് വിക്കറ്റ് വീതം നേടിയ സ്റ്റുവർട്ട് ബ്രോഡും ആൻഡേഴ്‌സനുമാണ് ഇംഗ്ലണ്ട് വിജയം വേഗത്തിലാക്കിയത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 2-0 ത്തിന് ഇംഗ്ലണ്ട് മുന്നിലെത്തി.

2014ലെ മധുരിക്കുന്ന ചരിത്ര ഓർമകളുമായി ലോർഡ്‌സിലിറങ്ങിയ കോഹ്‌ലിപ്പടയ്ക്ക് ഇത്തവണ നാണക്കേടിന്‍റെ കയ്പുനീരാണ് ഇംഗ്ലണ്ട് സമ്മാനിച്ചത്. ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ കളിമറന്ന ഇന്ത്യ ഇന്നിംഗ്സിനും 159 റൺസിനും തകർന്നടിഞ്ഞു. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 289 റൺസാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യയെ 130 റൺസിന് എറിഞ്ഞിട്ട് നാലാം ദിനം തന്നെ ഇംഗ്ലണ്ട് ഇന്നിംഗ്സ് വിജയം ആഘോഷിച്ചു.

സമനില മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പിഴയ്ക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലും ഓപ്പണർ മുരളി വിജയിക്ക് അക്കൗണ്ട് തുറക്കാനായില്ല. രണ്ടിന്നിംഗ്സിലും ആൻഡേഴ്‌സന് മുന്നിലാണ് വിജയ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ടീം സ്‌കോർ ബോർഡ് തുറക്കും മുൻമ്പ് തന്നെ വിജയിയെ ആൻഡേഴ്‌സൻ കീപ്പർ ജോണി ബെയര്‍‌സ്റ്റോവിന്റെ കൈകളിലെത്തിച്ചു. ഇതോടെ ലോർഡ്‌സിൽ ടെസ്റ്റിൽ 100 വിക്കറ്റ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ആൻഡേഴ്‌സൻ സ്വന്തമാക്കി.

ടീം സ്‌കോർ ബോർഡ് 13ൽ നിൽക്കേ ആൻഡേഴ്‌സൻ വീണ്ടും ഇന്ത്യക്ക് തിരിച്ചടി നൽകി. 10 റൺസെടുത്ത ലോകേഷ് രാഹുലിനെ ആൻഡേഴ്‌സൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇടയ്ക്ക് പ്രതീക്ഷയായി എത്തിയ മഴയും ഇന്ത്യയെ പെട്ടെന്ന് കയ്യൊഴിഞ്ഞു. 47 ഓവർ കൊണ്ട് തന്നെ ഇംഗ്ലീഷ് പേസർമാർ ഇന്ത്യയെ എറിഞ്ഞൊതുക്കുകയും ചെയ്തു. ഒടുവിൽ 130 റൺസിന് ഇന്ത്യയുടെ രണ്ടാമിന്നിംഗ്സും അവസാനിച്ചു.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി 17 റൺസെടുത്ത് പുറത്താവുകയായിരുന്നു. പുറത്താകാതെ 48 പന്തിൽ അഞ്ച് ബൗണ്ടറിയോടെ 33 റൺസെടുത്ത ആർ അശ്വിനാണ് രണ്ടാമിന്നിംഗ്സിൽ ഇന്ത്യയുടെ ടോപ്‌സ്‌കോറർ. നാല് വിക്കറ്റ് വീതം വീഴ്ത്തി ആൻഡേഴ്‌സനൊപ്പം സ്റ്റുവർട്ട് ബ്രോഡ് കൂടി ചേർന്നതോടെ ഇന്ത്യയുടെ ചെറുത്ത് നിൽപ്പ് മോഹം തീര്‍ത്തും അവസാനിക്കുകയായിരുന്നു.

തോൽവിയോടെ അഞ്ച് മൽസരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-2 എന്ന നിലയില്‍ പിന്നിലായി. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു. ഓൾറൗണ്ടർ പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് താരം ക്രിസ് വോക്‌സാണ് മാൻ ഓഫ് ദ മാച്ച്.