ആശ്രിത നിയമനം വൈകുന്നു; അധികൃതരുടെ കനിവ് തേടി ധീരജവാന്‍റെ കുടുംബം

Jaihind News Bureau
Tuesday, July 10, 2018

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്‍റെ ഭാര്യയ്ക്ക് ആശ്രിത നിയമനം വഴി സർക്കാർ ജോലി ലഭിക്കുന്നത് വൈകുന്നു. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്തെ ധീര ജവാൻ രതീഷിന്‍റെ ഭാര്യ ജ്യോതിക്കാണ് ജോലി ലഭിക്കാന്‍ വൈകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് രതീഷിന്‍റെ കുടുംബവും നാട്ടുകാരും.

2016 ഡിസംബർ 17നായിരുന്നു മട്ടന്നൂർ കൊടോളിപ്രത്തെ നായിക്ക് സി രതീഷ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ശ്രീനഗറിലെ താംബോറിൽ ഭീകരരുടെ വെടിയേറ്റായിരുന്നു രതീഷിന്റെ മരണം. ജോലിയിൽ മരിക്കുന്ന സൈനികന്റെ കുടുംബത്തിന് താങ്ങായി രാജ്യമുണ്ടാകുമെന്ന വിശ്വാസമായിരുന്നു രതീഷിന്റെ ഭാര്യ ജ്യോതിക്കും കുടുംബത്തിനും അന്ന് ഉണ്ടായിരുന്നത്. എന്നാൽ രതീഷ് വീരമൃത്യു വരിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും രതീഷിന്റെ ഭാര്യ ജ്യോതി ശ്രീകുമാറിന് ആശ്രിത നിയമനം ലഭിച്ചിട്ടില്ല.രതീഷിന്റെ മരണത്തെ തുടർന്ന് ജ്യോതിയും മകൻ കാശിനാഥും ജ്യോതിയുടെ മാതാപിതാക്കൾക്ക് ഒപ്പം കുറ്റിയാട്ടൂർ പൊറോളത്താണ് താമസം. സ്വന്തമായി വീടില്ലാത്തതിനാൽ അമ്മാവന് ഒപ്പമാണ് ജ്യോതിയും മാതാപിതാക്കളും കഴിയുന്നത്.

രാജ്യത്തിന് വേണ്ടി അച്ഛൻ ജീവൻ ബലിയർപ്പിക്കുമ്പോൾ കാശിനാഥിന് ആറുമാസമായിരുന്നു പ്രായം. രതീഷിന്റെ മരണാനന്തര ചടങ്ങിൽ ഒന്നും അറിയാതെ മുത്തച്ഛന്റെ കൈയിൽ നിൽക്കുന്ന കാശിനാഥിന്റെ ചിത്രം ഏവരെയും വേദനിപ്പിച്ചിക്കുന്നതായിരുന്നു. എന്നാൽ രതീഷ് വീരമൃത്യു വരിച്ചിട്ട് ഒന്നര വർഷം ആയിട്ടും ആശ്രിത നിയമനത്തിനായി കൈക്കുഞ്ഞിനെയും കൊണ്ട് ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഈ ധീരജവാന്റെ ഭാര്യ.

2017 ജൂൺ 12ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ മുഖേന തിരുവനന്തപുരം സൈനിക ക്ഷേമ ഓഫിസിലേക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെയും നിയമനം സംബന്ധിച്ച ഒരു അറിയിപ്പും ഈ ധീരജവാന്റെ ഭാര്യയ്ക്ക് ലഭിച്ചില്ല. ഊർജതന്ത്രത്തിൽ ബിരുദവും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയുള്ള ജ്യോതിക്ക് കണ്ണൂരിൽ എവിടെയെങ്കിലും ഒരു സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ജോലി ലഭിക്കാനായി ജ്യോതിയും കുടുംബവും മുട്ടാത്ത വാതിലുകളിലില്ല.

ജീവിക്കാനായി ഒരു ജോലി വേണമെന്ന അപേക്ഷ മാത്രമാണ് ഈ ധീര ജവാന്റെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അപേക്ഷിക്കാനുള്ളത്.