ആരോഗ്യവകുപ്പിന് വീണ്ടും തലവേദന; കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു

Jaihind News Bureau
Wednesday, June 13, 2018

നിപ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു. തലക്കുളത്തൂർ പഞ്ചായത്തിൽ 24 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ പകർച്ചവ്യാധികൾ പടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ഡങ്കിപ്പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തലക്കുളത്തൂർ പഞ്ചായത്തിൽ 24 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്.

തലക്കുളത്തൂർ പഞ്ചായത്തിലെ അന്നശേരി ആരോഗ്യ ഉപകേന്ദ്രം പരിധിയിലാണ് മഞ്ഞപ്പിത്തം പടരുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നടപടി ഊർജിതമാക്കിയതായി ഡിഎംഒ ഡോ.വി.ജയശ്രീ അറിയിച്ചു. തിങ്കളാഴ്ച 19 പേർക്കും ഇന്നലെ അഞ്ചുപേർക്കമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് തല യോഗം ചേർന്ന് ആരോഗ്യ പ്രവർത്തകർ ആശാ പ്രവർത്തകർ എന്നിവരുൾപ്പെട്ട സ്‌ക്വാഡ് രൂപീകരിച്ചു. കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്.