ആദിവാസി യുവതിയുടെ ഭര്‍ത്താവിന് കുമളി പോലീസിന്‍റെ മര്‍ദനം; സ്ഥലത്ത് പ്രതിഷേധം

Jaihind News Bureau
Saturday, June 23, 2018

കുമളിയിൽ ആദിവാസി യുവതിയുടെ ഭർത്താവിനെ പോലീസ് മർദിച്ച് ജാമ്യമില്ലാ വകുപ്പ് ചാർത്തി. യുവതിയും രണ്ട് കുട്ടികളും കുമളി പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയ സംഭവം അറിഞ്ഞ് ആളുകള്‍ കൂടിയതോടെ,  നാടകീയ സംഭവങ്ങൾക്കൊടുവിൽ രാത്രി ഏറെ വൈകി യുവതിയെയും കുട്ടികളെയും ബന്ധുക്കളെയും പോലീസ് പറഞ്ഞയച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ യുവതിയും കുട്ടികളും ബന്ധുക്കളും വീണ്ടും കുത്തിയിരിപ്പ് സമരം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ ആദിവാസി യുവതിയും ഭർത്താവായ ജയകുമാറും കുട്ടിയെ സ്‌കൂളിലാക്കാൻ പോകുന്ന വഴി അയൽവാസിയായ സുബ്രമണി മുൻവൈരാഗ്യത്തിന്റെ പേരിൽ ജയകുമാറിനെ മർദിച്ചു. കണ്ടുനിന്ന ഭാര്യ തടസം പിടിച്ചതോടെ ഇവരെയും മർദിച്ചു. വസ്ത്രങ്ങൾ വലിച്ചു കീറി.

കുമളി സ്റ്റേഷനിൽ അഭയം പ്രാപിച്ച ഇവരെ പോലീസ് തന്നെ ആശുപത്രി ലെത്തിച്ചു. മണിക്കൂറുകൾക്ക് ശേഷം പോലീസ് ആശുപത്രിയിലെത്തി എസ്.ഐ കൂട്ടിക്കൊണ്ടുചെല്ലാന്‍ പറഞ്ഞതായി അറിയിച്ചു. തുടര്‍ന്ന് ചികിത്സയിലായിരുന്ന ജയകുമാറിനെ കുമളി സ്റ്റേഷനിലെത്തിച്ച് മൃഗീയമായി മർദിക്കുകയായിരുന്നുവെന്ന് ജയകുമാറിന്റെ ഭാര്യ രാജേശ്വരി പറഞ്ഞു.

ജയകുമാറിനെ അകാരണമായി ലോക്കപ്പ് ചെയ്തതില്‍ പ്രതിഷേധിച്ച് ഭാര്യയും കുട്ടികളും ജയകുമാറിന്‍റെ മാതാപിതാക്കളും സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. രാവിലെ 9 മണി മുതൽ കുടിവെള്ളം പോലും ആദിവാസി യുവതിക്കും രണ്ട് കുട്ടികൾക്കും പോലീസ് നൽകിയില്ല. രാത്രി 11 മണി വരെ യുവതിയും കുട്ടികളും ഭർത്താവിന്റെ മാതാപിതാക്കളും കുമളി സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.

സി.പി.എം പ്രാദേശിക നേതാക്കളുടെ നിർദേശപ്രകാരമാണ് പോലീസ് ഇത് ചെയ്തതെന്ന് യുവതി പറഞ്ഞു. രാത്രി ഏറെ വൈകിയിട്ടും ജനങ്ങൾ കൂടിയതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നൽകി യുവതിയെയും കുട്ടികളെയും പറഞ്ഞയക്കുകയായിരുന്നു.

ജയകുമാറിനെ വിട്ടയക്കാത്തതില്‍ പ്രകതിഷേധിച്ച് ഭാര്യയും കുട്ടികളും ബന്ധുക്കളും കമളി സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.