മലബാര്‍ മേഖലയിലും കനത്ത മഴ; വ്യാപക നാശനഷ്ടം

Jaihind News Bureau
Monday, July 16, 2018

മലബാറിൽ ശക്തമായ മഴ തുടരുന്നു. പലയിടത്തും കനത്ത നാശനഷ്ടമുണ്ടായി. മലയോര മേഖലകളിൽ കടുത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലബാറിലെ വിവിധ ഭാഗങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്.

മലബാറിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കാസർഗോഡ്  ജില്ലയിൽ വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കണ്ണൂർ കരിയാട് ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. പാർത്തുംവലിയത്ത് നാണിയാണ് മരിച്ചത്. വീടിനടുത്തുള്ള തോട്ടിൽ കാൽവഴുതി വീണ് ഒഴുക്കിൽ പെടുകയായിരുന്നു.

വയനാട്ടിൽ വിവിധ ഭാഗങ്ങളിലായി 29 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 2086 പേർ ക്യാമ്പുകളിലുണ്ട്. വെള്ളത്തിന്റെ നിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര അണക്കെട്ടിലെ സ്പിൽവെ ഷട്ടറുകളിൽ ഒന്ന് തുറന്നിട്ടുണ്ട്.

മലപ്പുറം പാലക്കാട് ജില്ലകളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും പൂർണമായും തടസപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പിനെ തുടർന്ന് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു.

മലബാറിലെ തീരദേശ ങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാണ്. നിരവധി വീടുകൾക്ക കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകൾ ഇപ്പോഴും അപകട ഭീഷണി നേരിടുകയാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലബാറിൽ അധികൃതർ ശക്തമായ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.