പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദ പാര്‍ക്കിന്‍റെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നു

Jaihind News Bureau
Saturday, June 30, 2018

പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടർതീം പാർക്കിന്റെ താൽക്കാലിക ലൈസൻസ് കാലാവധി ഇന്നവസാനിക്കും. പാർക്ക് അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം ജില്ലാകളക്ടർ നോട്ടിസ് നൽകിയിട്ടുണ്ട്. അതിനിടെ പാർക്ക് പൊളിച്ച് നീക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി.

കക്കാടം പൊയിലിൽ പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടർ തീംപാർക്കിന്റെ കാലാവധി കഴിഞ്ഞമാർച്ച് 31 ന് അവസാനിച്ചിരുന്നു. തുടർന്ന് ഉടമയുടെ ആവശ്യപ്രകാരം 3 മാസത്തേക്ക് അനുവദിച്ച താൽക്കാലിക ലൈസൻസിന്റെ കാലാവധിയും ഇന്ന് അവസാനിക്കും. ലൈസൻസ് നീട്ടിനൽകാൻ ആവശ്യപ്പെട്ട് പാർക്കുടമ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായിട്ടില്ല.

https://www.youtube.com/watch?v=WbdvxdGiq7s

ഇതിനിടെ പാർക്ക് അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം ജില്ലാകളക്ടറും ഉത്തരവ് നൽകി. ഉരുൾപൊട്ടലുല്‍ ഉള്‍പ്പടെയുള്ള പ്രകൃതിക്ഷോഭങ്ങൾക്ക് പാർക്ക് കാരണമാകുമെന്ന പരാതി സംബന്ധിച്ച് ഡി.ഡബ്ല്യു.ആർ.ഡി.എം, ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ ശാസ്ത്രീയ പഠന റിപ്പോർട്ട് ലഭിച്ച ശേഷമേ പാർക്ക് തുറക്കാൻ അനുവാദം നൽകൂ എന്ന് ജില്ലാ കളക്ടർ യു.വി ജോസ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

അതിനിടെ പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. ഉറക്കം നടിക്കുന്ന സർക്കാർ നടപടിക്കെതിരെ കലക്ട്രേറ്റിന് മുന്നിൽ കൂട്ട ഉറക്ക സമരം നടത്തിയാണ് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചത്. കട്ടിപ്പാറ ദുരന്തം കക്കാടംപൊയിലിൽ ആവർത്തിക്കാതിരിക്കണമെങ്കിൽ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

എം.ജി.എസ് നാരായണൻ, ഡോ എ അച്ചുതൻ, പ്രഫ ശോഭീന്ദ്രൻ, തായാട്ട ബാലൻ, ഡോ എം.എൻ കാരശേരി തുടങ്ങിയവർ പ്രതിഷേധസമരത്തിന് നേതൃത്വം നൽകി.