പി.വി. അൻവറിന് തിരിച്ചടി; ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയില്‍ നിന്ന് വെള്ളം തുറന്നുവിടുന്നു

Jaihind Webdesk
Friday, May 17, 2019

മലപ്പുറം കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയില്‍ നിന്ന് വെള്ളം തുറന്നുവിടുന്നു. പി.വി. അൻവർ എംഎല്‍എയുടെ ഭാര്യാപിതാവിന്‍റെ പേരിലുള്ളതാണ് ഈ അനധികൃത തടയണ.  ഈ തടയണയില്‍ നിന്നായിരുന്നു പി.വി അന്‍വറിന്‍റെ  വാട്ടർ തീം പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കളക്ടർ ഇടപെട്ടാണ് വെള്ളം തുറന്നുവിടുന്നത്.

അൻവറിന്‍റെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് നേരത്തെ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.

തടയണ പൊളിച്ചുമാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും പൊളിച്ചുനീക്കല്‍ താമസിക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് തടയണ പൊളിക്കണമെന്ന് വിദഗ്ദ സമിതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. തടയണ പൊളിക്കുന്നതിന്‍റെ ഭാഗമായി ഇതില്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന വെള്ളം തുറന്നുവിടുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. ജെസിബി ഉപയോഗിച്ച് തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം ഒഴുക്കുകയാണ്.

മെയ് 23 ന് മുമ്പ് തടയണ പൊളിച്ച് വെള്ളം ഒഴുക്കി വിട്ടതിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി പുരോഗമിക്കുന്നത്. രണ്ടുദിവസം കൊണ്ട് തടയണ വറ്റിച്ച ശേഷം ഇതിന്‍റെ ചിത്രം സഹിതം ജില്ലാ കലക്ടറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പി.വി അന്‍വറിന്‍റെ പേരില്‍ ഉണ്ടായിരുന്ന സ്ഥലത്തുള്ള ഈ തടയണയുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷമായി നിയമ പോരാട്ടം നീളുകയാണ്. കേസ് വന്നതോടെ സ്ഥലം ഭാര്യാപിതാവിന്‍റെ പേരിലേക്ക് മാറ്റുകയായിരുന്നു.