മനാഫ് വധം : 24 ആണ്ട് പിന്നിടുമ്പോഴും നീതി തേടി നിയമപോരാട്ടത്തില്‍ ബന്ധുക്കള്‍

Jaihind Webdesk
Saturday, April 13, 2019

മനാഫ് വധത്തിന്‍റെ 24-ആം വാർഷികത്തിലും ബന്ധുക്കൾ നീതി തേടി നിയമപോരാട്ടം തുടരുന്നു. പി വി അൻവർ എം.എൽ.എയുടെ അനന്തിരവനായ ഒന്നാം പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാൻ കോടതി ഉത്തരവുണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. പി വി അൻവറിനെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈകോടതിയുടെ പരിഗണനയിലാണ്.

യൂത്ത് ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ഒതായി പള്ളിപറമ്പൻ മനാഫിനെ ഒതായി അങ്ങാടിയിൽ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 24 വർഷം. നാടിനെ നടുക്കിയ അരുംകൊല കഴിഞ്ഞ് 24 വർഷം പിന്നിടുമ്പോഴും, നീതിതേടി നിയമപോരാട്ടം തുടരുകയാണ് മനാഫിന്‍റെ ബന്ധുക്കൾ. പി.വി അൻവർ എം.എൽ.എയുടെ സഹോദരീപുത്രനായ കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് ഇപ്പോഴും ദുബായിൽ സുഖവാസത്തിലാണ്.  ലുക്കൗട്ട് നോട്ടീസിറക്കി ഇന്‍റർപോൾ സഹായത്തോടെ ഷെഫീഖിനെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്‍റെ കഴിഞ്ഞ ജൂലൈ 25ന്‍റെ ഉത്തരവ് എട്ടുമാസം കഴിഞ്ഞിട്ടും പോലീസ് നടപ്പാക്കിയിട്ടില്ല.

1995 ഏപ്രിൽ 13നാണ് പി.വി അൻവറിന്‍റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയിൽ നടുറോഡിൽ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് മനാഫിനെ മർദ്ദിച്ചും, കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടർന്നാണ് അൻവർ ഉൾപ്പെടെ വിചാരണ നേരിട്ട 21 പ്രതികളെയും മഞ്ചേരി സെഷൻസ് കോടതി 2009തിൽ വെറുതെവിട്ടു. മനാഫിന്‍റെ പിതൃസഹോദരി ഭർത്താവായിരുന്ന സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി കുറുക്കൻ ഉണ്ണിമുഹമ്മദിന്‍റെ സഹോദരൻ കുട്ട്യാലിയുടെ 10 ഏക്കർ ഭൂമി, ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ച പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പി.വി. അൻവർ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി ഇവർക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്‍റെ അപ്പീലും, മനാഫിന്‍റെ സഹോദരൻ അബ്ദുൽ റസാഖിന്‍റെ റിവിഷൻ ഹർജിയും, ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.