പാട്ടക്കരാർ മാത്രമുള്ള ഭൂമി സ്വന്തം പേരിലാക്കാന്‍ പി.വി അൻവറിന്‍റെ കമ്പനിയുടെ ശ്രമം; രേഖകൾ ഹാജരാക്കാനായില്ല

Jaihind News Bureau
Wednesday, August 21, 2019

പാട്ടക്കരാർ മാത്രമുള്ള ആലുവ എടത്തലയിലെ ഭൂമി സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിൽ രേഖകൾ ഹാജരാക്കാനാകാതെ പി.വി അൻവറിന്‍റെ കമ്പനി. മൂന്ന് തവണ അവസരം നൽകിയിട്ടും റവന്യൂ വകുപ്പ് ആവശ്യപ്പെട്ട ആധാരവും അപേക്ഷയും ഹാജാക്കാൻ പി.വി അൻവറിന്‍റെ കമ്പനിക്ക് ആയില്ല. ഇതോടെ ആലുവ ഭൂരേഖ തഹസിൽദാർ വിചാരണ അവസാനിപ്പിച്ചു.

പാട്ടക്കരാർ അവകാശം മാത്രമുള്ള ആലുവ എടത്തലയിലെ 11.46 ഏക്കർ ഭൂമി നിയമവിരുദ്ധമായി പോക്കവരവു നടത്തി കരമടച്ചു സ്വന്തം പേരിലാക്കിയെന്ന പരാതിയിൽ മൂന്ന് അവസരമാണ് പി.വി അൻവർ എം.എൽ.എ യുടെ കമ്പനിക്ക് റവന്യൂ വകുപ്പ് നൽകിയത്. ആധാരവും, അപേക്ഷയും ഹാജരാക്കാനാകാതെ വന്നതോടെ ആലുവ ഭൂരേഖ തഹസിൽദാർ വിചാരണ അവസാനിപ്പിച്ചു. പീവിസ് റിയൽറ്റേഴ്‌സിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാജരാക്കിയ റിക്കവറി ട്രൈബ്യൂണലിൻറെതായി ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ആക്ഷേപം ബോധിപ്പിക്കാൻ പരാതിക്കാരി ഗ്രേസ് മാത്യുവിന് പത്ത് ദിവസം അനുവദിച്ചു. എടത്തലയിലെ നാവിക ആയുധ ഡിപ്പോക്ക് സമീപം സപ്ത നക്ഷത്ര ഹോട്ടലിനും, റിസോർട്ടിനുമായി നിർമ്മിച്ച എട്ട് നില കെട്ടിടം ഉൾപ്പെടുന്ന സ്വകാര്യ ഭൂമിയെ കുറിച്ചാണ് വിവാദം.

99 വർഷത്തെ പാട്ടാവകാശം മാത്രമുള്ള സ്ഥലം കടബാധ്യത മൂലം ട്രൈബ്യൂണൽ ലേലം ചെയ്തപ്പോൾ പി.വി അൻവർ എം.എൽ.എ മാനേജിങ്ങ് ഡയറക്ടറായ കമ്പനി പിടിച്ചെടുത്തു. 2006 സെപ്തംബർ 18 നായിരുന്നു ഇത്. പാട്ട കാലാവധി തീരാൻ ഇനി 86 വർഷം കൂടിയുണ്ട്..അത് കഴിയുമ്പോൾ ഉടമ ജോയ് മാത്യുവിൻറെ കുടുംബത്തിന് തിരികെ ലഭിക്കേണ്ട ഭൂമി എം.എൽ.എ യുടെ കമ്പനി നിയമവിരുദ്ധമായി പോക്കുവരവു നടത്തിയെന്നാണ് ആരോപണം. ഭൂമിക്ക് ഇപ്പോൾ 200 കോടി രൂപ വിലമതിക്കുമെന്ന് പരാതിക്കാരി പറയുന്നു. പോക്ക് വരവിന് വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷയുടെ പകർപ്പും, ആധാരത്തിൻറെ അസ്സലും ഹാജരാക്കാൻ എം.എൽ.എയോട് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടുവെങ്കിലും രണ്ടും ഹാജരാക്കാനായില്ല. സബ് രജിസ്ട്രാർ രേഖകളിൽ ഭൂമിയുടെ രേഖകൾ ഇപ്പോഴും ജോയ് മാത്യുവിൻറെയും കുടുംബത്തിൻറെയും പേരിലാണ്. രജിസ്റ്റർ ചെയ്ത ആധാരമില്ലാതെ പോക്ക് വരവ് നടത്തിപുതിയ തണ്ട പേരിൽ കരം സ്വീകരിച്ചതിലും ദുരൂഹതയുണ്ട്.