മനാഫ് കൊല കേസ് : പി.വി അന്‍വര്‍ എം.എല്‍.എക്ക് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തുന്നുവെന്ന് പരാതി

Jaihind News Bureau
Friday, November 8, 2019

മനാഫ് കൊല കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തുന്നതായി മനാഫിന്‍റെ ബന്ധുക്കൾ. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരി പുത്രന്‍മാരായ പ്രതികളെ രക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവുപോലും തള്ളിക്കളഞ്ഞ് സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് മനാഫിന്‍റെ കുടുംബം.

24 വര്‍ഷമായി നീതിക്കായി പോരാടുന്ന മനാഫിന്‍റെ കുടുംബത്തെ കണ്ടില്ലെന്നു നടിച്ച്, മനാഫ് വധക്കേസിലെ കൊലയാളികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ഒന്നാം പ്രതിയും, പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനുമായ ഷഫീഖ് കഴിഞ്ഞ 24 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുകയാണന്നെന്ന് ബന്ധുക്കൾ തെളിവ് പുറത്ത് വിട്ടു കൊണ്ട് പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസിറക്കി ഇന്‍റര്‍പോള്‍ സഹായത്തോടെ ഇയാളെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ 2018 ജൂലൈയിലെ ഉത്തരവ് – 16 മാസമായിട്ടും ആഭ്യന്തര വകുപ്പ് നടപ്പാക്കിയിട്ടില്ല. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ കൊന്ന കേസിൽ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരെ രക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിനെപ്പോലും തള്ളിക്കളഞ്ഞ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് കുടുംബം പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ഇന്‍റര്‍പോള്‍ സഹായത്തോടെ ഗള്‍ഫില്‍ നിന്നും അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ച കേരളത്തിലാണ് കൊലപാതകക്കേസ് പ്രതിയായ എം.എല്‍.എയുടെ ബന്ധുവിനെ നീതിന്യായ വ്യവസ്ഥയെപ്പോലും വെല്ലുവിളിച്ച് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. സർക്കാർ നിലപാടിനെതിരെ വരുന്ന 18 ന് സെക്രട്ടേറിയറ്റ് പടിക്കൽ മനാഫിന്‍റെ കുടുംബാംഗങ്ങൾ സത്യാഗ്രഹമിരിക്കും. പരിഹരമായില്ലെങ്കിൽ തുടർന്ന് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ഇവരുടെ നീക്കം. മനാഫിന്‍റെ പിതൃ സഹോദരന്‍ അബൂബക്കര്‍, സഹോദരങ്ങളായ മന്‍സൂര്‍, റസാഖ്, സുബൈദ, ഫാത്തിമ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെെടുത്തു.