ദിലീപിനെ ചൊല്ലി അമ്മയുടെ പെണ്‍മക്കള്‍ പിണങ്ങി

Jaihind News Bureau
Monday, June 25, 2018

ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വിമൺ ഇൻ സിനിമ കളക്ടീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമ്മ തീരുമാനത്തെ പരസ്യമായി എതിർത്ത് ഡബ്ല്യു.യു.സി.സി മുന്നോട്ട് വന്നത്.

നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി എന്തു സാഹചര്യമാണ് ദിലീപിനെ തിരിച്ചെടുക്കാൻ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയാണ് അമ്മ ചെയ്യുന്നതെന്നും ഡബ്ല്യു.സി.സി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ശേഷം പുറത്താക്കിയ നടൻ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്ത തീരുമാനം ഇന്നലെ കൊച്ചിയിൽ ചേർന്ന യോഗത്തിലാണുണ്ടായത്. ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്നാണ് അമ്മയുടെ വിശദീകരണം. ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹത്തോട് വിശദീകരണം ചോദിക്കാതെയാണ് പുറത്താക്കൽ നടത്തിയതെന്നും ദിലീപ് കോടതിയിൽ പോയിരുന്നെങ്കിൽ അനുകൂല വിധി സമ്പാദിക്കുമായിരുന്നുവെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കം നടത്തിയത്. താരത്തിന് താൽപര്യമുണ്ടെങ്കിൽ സംഘടനയിലേക്ക് തിരികെ എത്താമെന്ന് യോഗത്തിൽ ധാരണയായിരുന്നു.

മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ഉണ്ടായിരിക്കുന്ന ആദ്യ തീരുമാനങ്ങളിൽ ഒന്നാണിത്. ഡബ്ല്യു.സി.സിയിൽനിന്നുള്ള ഒരംഗം പോലും അമ്മ യോഗത്തിൽ പങ്കെടുക്കാൻ എത്തിയില്ല. അമ്മയിൽ നിന്ന് പുറത്താക്കി ഒരു വർഷം പിന്നിടുമ്പോഴാണ് ദിലീപ് സംഘടനയിലേക്ക് തിരികെ എത്തുന്നത്.