തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പിജി ഡോക്ടര്‍മാര്‍ പണിമുടക്കില്‍; ഒപി, കിടത്തി ചികിൽസ എന്നിവയെ ബാധിക്കും

Jaihind Webdesk
Friday, November 25, 2022

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ  പിജി ഡോക്ടര്‍മാര്‍ പണിമുടക്കില്‍. വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.  അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികിൽസ എന്നിവയെ സമരം ബാധിക്കും. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സമരം.

തുടര്‍ന്ന് പൊലീസ് സ്റ്റേഷൻ മാ‍ർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പിജി ഡോക്ടർമാ‍ർക്കൊപ്പം മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ചേർന്നാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു.

ബുധനാഴ്ച പുല‍ച്ചെയാണ് ന്യൂറോ സർജറി വിഭാ​ഗത്തിലെ വനിത ഡോക്ടറെ രോ​ഗിയുടെ ഭർത്താവ് ആക്രമിച്ചത്. ചികിൽസയിലിരുന്ന ഭാര്യയുടെ മരണ വിവരം അറിയിച്ചപ്പോഴായിരുന്നു അതിക്രമം. കൊല്ലം സ്വദേശി സെന്തിൽകുമാറിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നതിലാണ് ‍ഡോക്ട‍‍ർമാർ പ്രതിഷേധ സമരത്തിലേക്ക് നീങ്ങിയത്