ഡല്‍ഹി മെട്രോ റെയില്‍ സമരത്തിന് ഹൈക്കോടതി വിലക്ക്

Jaihind News Bureau
Friday, June 29, 2018

ശമ്പള വർധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ മെട്രോ റെയിൽവേ ഉദ്യോഗസ്ഥർ നാളെ നടത്താനിരുന്ന സമരത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. വൈകിട്ട് പരിഗണിച്ച കേസിലാണ് ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

ട്രെയിൻ ഓപ്പറേറ്റർമാർ, സ്റ്റേഷൻ കൺട്രോൾ ചെയ്യുന്നവർ, ടെക്‌നിക്കൽ ഉദ്യോഗസ്ഥർ, നോൺ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥർ അടക്കം ആയിരത്തിലേറെ പേരാണ് നാളെ സമരം തുടങ്ങാനിരുന്നത്.

ശമ്പള പരിഷ്‌കരണത്തിന് പുറമെ, ഡി.എം.ആർ.സി സ്റ്റാഫ് കൗൺസിൽ ആക്കി മാറ്റുക, ജീവനക്കാരെ അനാവശ്യമായി പിരിച്ചുവിടുന്നത് ഒഴിവാക്കാൻ വ്യക്തമായ വ്യവസ്ഥകൾ ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.

ഡി.എം.ആര്‍.സി നല്‍കിയ അടിയന്തര പെറ്റീഷന്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് വിപിന്‍ സാംഘി സമരത്തിന് വിലക്കേര്‍പ്പെടുത്തിയത്. മെട്രോ സമരം ലക്ഷക്കണക്കിന് ജനങ്ങളയാണ് ബാധിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

മെട്രോ സമരം പിന്‍വലിച്ചില്ലെങ്കില്‍ എസ്മ പ്രയോഗിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ യോഗം വിളിച്ചിരുന്നു.

ജൂൺ 19 ന് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് യമുന ബാങ്ക്, ശാഹ്ദ്ര മെട്രോ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഇത് എല്ലാ മെട്രോ സർവീസുകളെയും സാരമായി ബാധിച്ചിരുന്നു.