ഗോള്‍ മഴയില്‍ മുങ്ങി കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോല്‍വി

Jaihind News Bureau
Tuesday, July 24, 2018

ലാ ലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തോൽവി. മെൽബൺ സിറ്റി എഫ്.സി എതിരില്ലാത്ത ആറ് ഗോളുകൾക്ക് ആതിഥേയരെ പരാജയപ്പെടുത്തി.

തട്ടകത്തിൽ താളം കണ്ടെത്താതെ വലഞ്ഞ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ നനഞ്ഞ പടക്കമായി. കാലവര്‍ഷപ്പെയ്ത്തിലും കത്തിപ്പടർന്ന മെൽബൺ സിറ്റി എഫ്.സി ഗോൾ മഴയില്‍ ബ്ലാസ്റ്റേഴ്‌സിനെ മുക്കി.

മഴ മാറി നിന്ന ആദ്യ പകുതിയിൽ കേരളത്തിന്റെ കൊമ്പൻമാർ ഇരുപത്തിയൊമ്പതാം മിനിറ്റിൽ ആദ്യം മുട്ടു കുത്തി. ഡാരിയോ വിഡോസിച്ചിന്റെ ഹെഡർ ആതിഥേയരുടെ വല തുളച്ചു.

ചിതറിപ്പോയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനുമേൽ മുപ്പത്തിരണ്ടാം മിനിറ്റിൽ അടുത്ത ആഘാതമെത്തി. റൈലി മക്ഗ്രീ അനായാസം ലക്ഷ്യം കണ്ടു. ആദ്യ പകുതി അവസാനിക്കുമ്പോൾ മെൽബൺ 2-0 ന് മുന്നിൽ.

മഴയുടെ അകമ്പടിയോടെ എത്തിയ രണ്ടാം പകുതിയിൽ മെൽബൺ ഗോൾമഴ തീർത്ത് ആറാടുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർ ധീരജ് സിംഗിനെ നിലത്ത് നിർത്താൻ മെൽബൺ താരങ്ങൾ അവസരം നൽകിയില്ല. നാൽപ്പത്തിയൊമ്പതാം മിനിറ്റിൽ വെയ്ൽസ്, അമ്പത്തിയഞ്ചാം മിനിറ്റിൽ രണ്ടാം ഗോളുമായി മക്ഗ്രീ, എഴുപത്തി നാലിൽ റാമി നജറായിൽ, എഴുപത്തിയെട്ടിൽ ബ്രൂണോ ഫെർണാറോലി… ബ്ലാസ്റ്റേഴ്‌സ് ഗോൾ മഴയിൽ നിലയില്ലാതെ മുങ്ങി…

വെള്ളിയാഴ്ച നടക്കുന്ന അടുത്ത മൽസരത്തിൽ മെൽബൺ സിറ്റി എഫ്.സി സ്പാനിഷ് ക്ലബ്ബായ ജിറോണ എഫ് സിയെ നേരിടും.