ഐഎസ്എൽ : കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും

Jaihind News Bureau
Thursday, December 5, 2019

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ടൂർണമെന്‍റിൽ ഓരോ ജയം മാത്രം നേടിയ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. മുംബൈ ഫുട്‌ബോൾ അരീനയിൽ രാത്രി 7 30 മുതലാണ് മത്സരം.

ഒരു ജയത്തിൽ പിടിച്ചുതൂങ്ങുന്ന രണ്ട് ടീമുകളാണ് ഇന്ന് മുഖാമുഖം നേരിടുന്നത്. ഐഎസ്എൽ പോയിന്‍റ് പട്ടികയിൽ ആറ് പോയിന്‍റുമായി ഏഴാമതാണ് മുംബൈ. ബ്ലാസ്റ്റേഴ്സ് അഞ്ച് പോയിന്റുമായി എട്ടാമത്.

ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ മുംബൈക്കായിരുന്നു ജയം. സ്വന്തം തട്ടകത്തിലെ തോൽവിക്ക് മറുപടി നൽകാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഒരുക്കം.
അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ തലവേദന. അവസാന മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ ഇഞ്ചുറിടൈമിൽ് സമനില വഴങ്ങി. പ്രധാന താരങ്ങളുടെ പരിക്കും പ്രശ്നമാണ്. പ്രതിരോധവും മുന്നേറ്റനിരയും മെച്ചപ്പെടുന്നില്ല എന്ന് വ്യക്തമാണ് . ഗോവയ്ക്കെതിരെ കളിച്ചപോലെ റാഫേൽ മെസി ബൗളിയും ബർതലോമേവ് ഒഗ്ബെച്ചെയും ഒരുമിച്ചിറങ്ങും. മധ്യനിരയിൽ യുവതാരം ജീക്സൺ സിങ്ങിന്‍റെ പ്രകടനം മികച്ചതാണ്.

മുംബൈക്കും പ്രതിരോധമാണ് പ്രശ്നം. ബ്ലാസ്റ്റേഴ്സിനെതിരായ ഒരു ജയമാണ് അവരുടെ സമ്പാദ്യം.