കേരള ബ്ലാസ്റ്റേഴ്‌സ്-പൂനെ സിറ്റി എഫ്സി മത്സരം സമനിലയിൽ

Jaihind Webdesk
Friday, November 2, 2018

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്-പൂനെ സിറ്റി എഫ്സി മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ നാലാം സമനിലയായി.

തുടർച്ചയായ സമനിലകളിൽ മനംമടുത്ത കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് മനസിലുറപ്പിച്ചാണ് കളത്തിൽ ഇറങ്ങിയത്. എന്നാൽ മത്സരത്തിന്‍റെ പതിമൂന്നാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഞെട്ടി. ആക്രമിച്ചു കളിക്കുന്നതിനിടെയാണ് പ്രത്യാക്രമണത്തിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്‍റെ വലയിൽ ഗോൾ വീണത്. ബോക്സിൽ നിന്നുള്ളൊരു ബുള്ളറ്റ് ഷോട്ടിലൂടെ മാർക്കോ സ്റ്റാങ്കോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്‍റെ വല അപ്രതീക്ഷിതമായി കുലുക്കിയത്. ബോക്സിൽ നിന്ന് കിട്ടിയ പന്ത് വലംകാൽ കൊണ്ട് തടഞ്ഞ് പ്രതിരോധക്കാരെ കബളിപ്പിച്ച് ഇടംകാൽ കൊണ്ടൊരു ബുള്ളറ്റ് തൊടുക്കുകയായിരുന്നു സ്റ്റാങ്കോവിച്ച്. സ്ലാവിസ്ലയുടെ ഒരു നീക്കം ഓഫ് സൈഡാവുകയും മറ്റൊരു നീക്കം ഗോളി തടയുകയും ചെയ്തശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ ഗോൾ വീണത്.

41-ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും റഫറി ഗോൾ നിഷേധിച്ചു. 62-ആം മിനിറ്റിൽ പൂണെയ്ക്കെതിരെ ഗോൾ മടക്കി കേരള ബ്ലാസ്റ്റേഴ്സ്. കിർച്ച്മരേവിച്ചാണ് പൂനെയുടെ വല ചലിപ്പിച്ചത്. ഇതോടെ ഇരു ടീമുകളും ഒരോ ഗോളുകൾ നേടി സമനില പിടിച്ചു. സീസണിലെ ആദ്യമത്സരത്തിൽ എ.ടി.കെ.യെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള മൂന്നുമത്സരങ്ങളിലും സമനിലയായിരുന്നു ഫലം.