കേരളാ ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ വിവാദം : സംഘാടകര്‍ക്ക് എതിരെ 50 ലക്ഷത്തിന്‍റെ മാനനഷ്ട കേസിന് മുഖ്യ സ്‌പോണ്‍സര്‍; കേരള ടീമിനെ അപമാനിച്ചതില്‍ പ്രതിഷേധവുമായി ഫുട്‌ബോള്‍ പ്രേമികള്‍

Jaihind News Bureau
Friday, September 13, 2019

ദുബായ് : യുഎഇയില്‍ പ്രതീക്ഷകളോടെ കളിക്കാനെത്തി നിരാശരായി മടങ്ങേണ്ടി വന്ന കേരളാ ബ്‌ളാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്‌ളബ് വിവാദം നിയമ നടപടികളിലേക്ക് നീങ്ങുന്നു. ഇപ്രകാരം പാതിവഴിയില്‍ ബൂട്ടഴിച്ച് നിരാശയോടെ കേരളത്തിലേയ്ക്ക് മടങ്ങിയ സംഭവത്തില്‍  പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ സംഘാടകര്‍ക്ക് എതിരെ അമ്പത് ലക്ഷം ദിര്‍ഹത്തിന്‍റെ മാനനഷ്ട കേസ് കൊടുക്കാന്‍ തീരുമാനിച്ചതായി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാമത് സീസണിന് മുന്നോടിയായി പ്രീ സീസണ്‍ ടൂറിന് വേണ്ടിയാണ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്‌ളബ് ( എഫ്.സി ) ടീം യു.എ.ഇയില്‍ എത്തിയത്. സെപ്റ്റംബര്‍ ആറിന് വെള്ളിയാഴ്ചയായിരുന്നു ആദ്യ മത്സരം. ദുബായ് മംസാര്‍ സ്‌റ്റേഡിയത്തില്‍ ദിബ്ബ അല്‍ ഫുജൈറ ക്ലബുമായി നടന്ന ഈ ആദ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇപ്രകാരം യു.എ.ഇയില്‍ ആകെ നാല് മത്സരങ്ങള്‍ കളിക്കാനെത്തി ഒരൊറ്റ മത്സരത്തിന് ശേഷം മടങ്ങാന്‍ ടീം തീരുമാനിക്കുകയായിരുന്നു.  സംഘാടകരുടെ വീഴ്ച മൂലമാണ് തങ്ങള്‍ യു.എ.ഇയില്‍ നിന്ന് മടങ്ങുന്നതെന്ന് കേരള ടീം അധികൃതര്‍ പിന്നീട് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സ്‌പോണ്‍സര്‍ പിന്‍വാങ്ങിയതാണ് ഇതിന് കാരണമെന്ന് സംഘാടകര്‍ ആരോപിച്ചു.

അതേസമയം സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ വന്‍ വീഴ്ചയാണ് ഇതിന് കാരണമെന്ന് മുഖ്യ സ്‌പോണ്‍സറായ എമിറേറ്റ്‌സ് ഫസ്റ്റിന്‍റെ സി.ഇ.ഒ ജമാദ് ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്രകാരം സംഘാടകര്‍ക്ക് എതിരെ അമ്പത് ലക്ഷം ദിര്‍ഹത്തിന്‍റെ മാനനഷ്ടത്തിനാണ് കേസ് കൊടുക്കുന്നതെന്നും ജമാദ് പറഞ്ഞു. തങ്ങളുടെ കമ്പനിയുടെ ബ്രാന്‍ഡിന് ഈ സംഭവം വലിയ രീതിയില്‍ അപമാനമായെന്നും എമിറേറ്റ്‌സ് ഫസ്റ്റ് വിശദീകരിച്ചു.  കമ്പനി പാര്‍ട്ണര്‍മാരായ റാസിക്, ഷാമില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.  അതേസമയം സ്‌പോണ്‍സറും സംഘാടകനും തമ്മിലുള്ള തര്‍ക്കം മൂലം കേരളത്തിന്‍റെ മഞ്ഞപ്പടയെ യു.എ.ഇയില്‍ കൊണ്ടുവന്ന് അപമാനിച്ച് വിട്ടതില്‍ ഫുട്‌ബോള്‍ പ്രേമികളില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.