അമ്മത്തണലില്‍ ആദ്യ ചുവടിന്‍റെ പാഠം…

Jaihind News Bureau
Tuesday, July 17, 2018

പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും… സോഷ്യല്‍ മീഡിയയില്‍ താരമാണ് ലുലുവിന്‍റെയും റാഹയുടെയും മകന്‍. പിറന്ന് വീണ് അധികം താമസിയാതെ എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്ന ജിറാഫ് കുഞ്ഞിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അവന്‍ തന്‍റെ ഉദ്യമത്തില്‍ വിജയം കണ്ടെത്തുക തന്നെ ചെയ്തു.

ഓഹിയോയിലെ കൊളംബസ് മൃഗശാലയില്‍ ജൂലൈ 10ന് ഉച്ചയോടെയായിരുന്നു ഈ കുഞ്ഞ് താരത്തിന്‍റെ ജനനം. മസായി വംശത്തില്‍ പെട്ട ജിറാഫ് ജന്മം നല്‍കിയ കുഞ്ഞിന്‍റെ പരിചരണത്തിലാണ് മൃഗശാല അധികൃതര്‍. വൈകാതെ മൃഗശാല സന്ദര്‍ശിക്കുന്ന കാണികള്‍ക്ക് മുന്നിലേയ്ക്ക് ഈ കുഞ്ഞു താരവും എത്തും.

മൃഗശാലകളുടെയും അക്വേറിയങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എ.ഇസഡ്.എ (അസോസിയേഷന്‍ ഓഫ് സൂ ആന്‍റ് അക്വേറിയം) എന്ന അന്താരാഷ്ട്ര സംഘടനയാണ് വംശനാശ ഭീഷണിയുള്ള ജീവവര്‍ഗ്ഗങ്ങളുടെ അതിജീവനത്തിനായുള്ള പദ്ധതിയായ സ്പീഷീസ് സര്‍വൈവല്‍ പ്ലാന്‍ (എസ്.എസ്.പി.) പ്രകാരം റാഹയുടെയും ലുലുവിന്‍റെയും കുഞ്ഞ് എന്ന ആശയം മുന്നോട്ട് വച്ചത്.   2006 ഏപ്രിലില്‍ ലോസ് ഏഞ്ചല്‍സ് മൃഗശാലയിലായിരുന്നു അച്ഛന്‍ റാഹയുടെ ജനനം.  2012ല്‍ സിന്‍സിനാറ്റി മൃഗശാലയില്‍ ജനിച്ച ലുലുവിന്‍റെ ആദ്യ കുഞ്ഞാണ് ഇത്.