നെഹ്റുവിന്‍റെ ഓര്‍മകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്: പ്രധാനമന്ത്രിയോട് ഡോ. മന്‍മോഹന്‍സിംഗ്

Monday, August 27, 2018

 

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഓർമകൾ തുടച്ചുനീക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെയും തീന്‍മൂര്‍ത്തി ഭവന്റെയും മുഖം മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കത്തയച്ചു. അജണ്ടയുടെ ഭാഗമായി സ്മാരകത്തിന്‍റെ മുഖം മാറ്റാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

25 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന തീന്‍മൂര്‍ത്തി ഭവനിലാണ് നെഹ്‌റു സ്മാരക മ്യൂസിയവും ലൈബ്രറിയും ഉള്ളത്. നെഹ്റു  മ്യൂസിയത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമായി മാറ്റാനാണ് മോദി സര്‍ക്കാരിന്‍റെ വിവാദ തീരുമാനം. ഈ അജണ്ടക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഡോ. മന്‍മോഹന്‍സിംഗ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിന്‍റേത് മാത്രമല്ല രാജ്യത്തിന്റെയാകെ സ്വന്തമാണ് എന്നും അദ്ദേഹം കത്തില്‍ ഓര്‍മപ്പെടുത്തുന്നു. അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ പോലും നെഹ്‌റു മ്യൂസിയത്തെയും തീന്‍മൂര്‍ത്തി ഭവനെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിച്ചിട്ടില്ലെന്നതും, നെഹ്‌റു മരിച്ചപ്പോള്‍ വാജ്‌പേയി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചതും കത്തില്‍ പറയുന്നു. വികാരങ്ങളെ മാനിക്കണമെന്നും തീന്‍മൂര്‍ത്തിയെ നെഹ്റുവിന്‍റെ മാത്രം സ്മാരകമായി നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.