Ukraine- Russian War| റഷ്യന്‍ വ്യോമത്താവളത്തില്‍ വന്‍ ഡ്രോണ്‍ ആക്രമണം: 40 റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്ന്‍ അവകാശവാദം

Jaihind News Bureau
Sunday, June 1, 2025

കീവ് : റഷ്യയിലെ ഇര്‍കുട്‌സ്‌ക് മേഖലയിലെ സ്രെഡ്‌നി സെറ്റില്‍മെന്റിലുള്ള സൈനിക യൂണിറ്റിന് നേരെ യുക്രെയ്ന്‍ ഡ്രോണുകളുടെ കനത്ത ആക്രമണം. 40-ലധികം സൈനിക വിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്‌നിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രെയ്ന്‍ (എസ്ബിയു) അവകാശപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുക്രെയ്‌നിനെതിരെ ദീര്‍ഘദൂര മിസൈലുകള്‍ വിക്ഷേപിക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ടിയു-95, ടിയു-22 തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ത്തതായും എസ്ബിയു അവകാശപ്പെട്ടു.

മര്‍മന്‍സ്‌ക് മേഖലയിലെ ഒലെന്യ വ്യോമതാവളത്തിന് സമീപം സ്‌ഫോടനങ്ങളും കനത്ത പുകയും ദൃശ്യമായതായി ബെലാറഷ്യന്‍ വാര്‍ത്താ മാധ്യമമായ നെക്സ്റ്റ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അവര്‍ എക്‌സില്‍ പങ്കുവെച്ചു. ‘പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡ്രോണ്‍ ആക്രമണത്തിനുള്ള സാധ്യതയുണ്ട്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ സ്ഥിതി ചെയ്യുന്ന റഷ്യയുടെ പ്രധാന തന്ത്രപരമായ വ്യോമയാന കേന്ദ്രങ്ങളിലൊന്നാണ് ഒലെന്യ,’ നെക്സ്റ്റ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡ്രോണ്‍ ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുക്രെയ്‌നില്‍ സമഗ്രമായ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ (യുഎന്‍എസ്സി) യുഎസ് റഷ്യയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഏറ്റവും പുതിയ സംഘര്‍ഷങ്ങള്‍.

അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ എല്ലാ കര, വ്യോമ, കടല്‍ ആക്രമണങ്ങള്‍ 30 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന യുഎസ് നിര്‍ദ്ദേശം യുക്രെയ്ന്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. റഷ്യയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ്.