കാരിരുമ്പിൽ ആയുധങ്ങൾ നിർമിക്കുന്ന ജോലി പുരുഷന്റെ കുത്തകയായാണ് കരുതിപ്പോന്നിരുന്നത്. എന്നാൽ ഇത് തകർത്തിരിക്കുകയാണ് ഇടുക്കി ജില്ലയിലെ സേനാപതിയിൽ നിന്നുള്ള രണ്ട് സഹോദരിമാർ. ചുട്ടു പഴുത്ത ഇരുമ്പിൽ നിന്ന് ജീവിതം പടത്തുയർത്തുന്ന ഇവർ ബധിരരും മൂകരുമാണെന്ന് അറിയുമ്പോളാണ് ഇവരുടെ അതിജീവനത്തിന്റെ ആഴം നമുക്ക് മനസിലാകുക.
പുരുഷൻമാർ കുത്തകയായി കരുതിയിരുന്ന ജോലികൾ ഇന്ന് സത്രീകൾ ഏറ്റെടുത്തു കഴിഞ്ഞു. പല ജോലികളിലും ഇവർ പുരുഷ•ാരേക്കാൾ മികവുള്ളവരാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊക്കെ പുതിയ കാലത്തിന്റെ കഥയാണ്. ഇടുക്കി ജില്ലയിലെ സേനാപതിയിലുള്ള രണ്ട് സഹോദരിമാരുടെ ജീവിതത്തേക്കുറിച്ചറിഞ്ഞാൽ അത് പുതിയ തലമുറയിലുള്ളവർക്കും പ്രചോദനമാകുമെന്നത് ഉറപ്പാണ്.
സേനാപതി മുക്കുടിൽ കലയത്തനാക്കുഴിയിൽ വീട്ടിലെ ഓമനയും അല്ലിയുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. ഇവരുടേത് ഒരു നിശബ്ദ ജീവിതമാണ്. കഥയിൽ അതുകൊണ്ടുതന്നെ മറ്റൊരാൾ ഇവർക്കായി ശബ്ദം പകരേണ്ടി വരും. സഹോദരീ ഭർത്താവായ രവി ഇവരേക്കുറിച്ച് വിശദീകരിക്കും.
ഓമനയ്ക്ക് 49 വയസും അല്ലിക്ക് 55 വയസുമാണ് പ്രായം. മലയോര മേഖലയിലെ കുഗ്രാമത്തിൽ ജനിച്ച ബധിരരും മൂകരുമായ ഇവർക്ക് കാര്യമായ വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. പകരം പിതാവായ കൃഷ്ണൻ ഇവരെ കുലത്തൊഴിൽ പഠിപ്പിച്ചു. അങ്ങനെ കാരിരുമ്പു പോലെ കഠിനമാകാമായിരുന്ന ജീവിതത്തെ ഉലയിലിട്ട് പഴുപ്പിച്ച് ഇവർ രൂപം വരുത്തി. ഇപ്പോൾ ഇരുമ്പ് പണിയൊഴിഞ്ഞിട്ട് ഇവർക്ക് സമയമില്ല എന്നതാണ് അവസ്ഥ.
ഓമനയാണ് ഇരുമ്പ് പണിയിൽ വിദഗ്ദ്ധ. ഓമനയെ ചേച്ചി സഹായിക്കും. വീട്ടു ജോലികളും പറമ്പിലുള്ള അൽപം കൃഷിയും അല്ലിയുടെ ചുമതലയിൽ നടന്നു പോകും. തയ്യൽ ജോലിയും പരിശീലിച്ചിട്ടുള്ള ഓമന അയൽവാസികളിൽ നിന്ന് ലഭിക്കുന്ന ഓർഡറുകൾ സ്വീകരിച്ച് അവയും ചെയ്തു കൊടുക്കാറുണ്ട്.
തോട്ടങ്ങളിൽ നിന്ന് മൂർച്ച കൂട്ടാനെത്തുന്ന ആയുധങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാർഗം. ആഴ്ചകൾ അവസാിക്കുമ്പോൾ എത്തുന്ന ഇവ ഇരുവരും ഉറക്കമിളച്ചിരുന്നാണ് മൂർ്ച്ച കൂട്ടി പണിയാരംഭിക്കുന്ന തിങ്കളാഴ്ചകളിൽ തൊഴിലാൡകൾക്ക് എത്തിക്കുന്നത്. ഓർഡർ അനുസരിച്ച് എല്ലാവിധ പണിയായുധങ്ങളും നിർമിച്ചു നൽകാനും ഇവർ റെഡി.
സംസാരിക്കാനറിയില്ലെങ്കിലും ആംഗ്യഭാഷയിലൂടെ ചെയ്യുന്ന ജോലിക്ക് കൂലി ഇവർ വാങ്ങും. മറ്റാരും സഹായത്തിനില്ലാത്തിനാൽ അതിജീവനത്തിന്റെ പാഠങ്ങൾ ഇവർ സ്വയം അഭ്യസിച്ചതാണ്. അതുതന്നെയാണ് ഇവരെ മുന്നോട്ട് നയിക്കുന്നതും.
– എം.എൻ.സുരേഷ്