സെക്രട്ടേറിയറ്റിന് പുറത്ത് കെ റെയില്‍ കല്ല് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനമൊട്ടാകെ പ്രതിഷേധം

Jaihind Webdesk
Monday, March 21, 2022

 

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി യൂത്ത് കോണ്‍ഗ്രസ്.  കെ റെയിൽ വേണ്ട, കേരളം മതി എന്നെഴുതിയ ബാനറുകളുമേന്തി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍ പ്രതിഷേധമിരമ്പി. കളക്ട്രേറ്റുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കല്ല്  സ്ഥാപിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നു.

സംസ്ഥാനവ്യാപകമായി സിൽവർലൈനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ കളക്ട്രേറ്റുകളില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സർവേക്കല്ല് സ്ഥാപിച്ചു. പ്രതിഷേധത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ നിർവഹിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു.  മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകർ സെക്രട്ടേറിയറ്റിന് മുന്നില്‍ കെ റെയില്‍ കല്ല്  സ്ഥാപിച്ചു. കല്ലിട്ടത് പ്രതീകാത്മകമായിട്ടാണെന്നും വരുംദിവസങ്ങളില്‍ സെക്രട്ടേറിയറ്റിന് അകത്തും കല്ലിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ബദൽ മാർഗം കണ്ടെത്തി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി എന്നിവരും സമരത്തില്‍ പങ്കെടുത്തു. സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.