പാലത്തായി ബാലപീഡനക്കേസ് : കണ്ണൂർ SP ഓഫീസിനു മുന്നിൽ നിരാഹാരസമരം ആരംഭിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി; നിരാഹാരം തുടരുമെന്ന് നേതാക്കള്‍

കണ്ണൂർ പാനൂരിലെ പാലത്തായി സ്ക്കൂളിലെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ എസ്.പി ഓഫീസിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ പത്മരാജൻ എന്ന അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ എസ്പി ഓഫിസിന് മുന്നിൽ രാവിലെ 10 മണിക്കാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാരസമരം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, നേതാക്കളായ വിനേഷ് ചുള്ളിയാൻ, കമൽജിത്ത്, സന്ദീപ് പാണപ്പുഴ, സുധീപ് ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ “പാലത്തായി മറ്റൊരു വാളയാറാക്കുവാൻ അനുവദിക്കില്ല” എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരം.

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുളള സാമുഹിക അകലം പാലിച്ച് കൊണ്ടായിരുന്നു പ്രതിഷേധം. കണ്ണൂർ ടൗൺ എസ് ഐ നേതൃത്വത്തിൽ സ്ഥലത്ത് നിലയുറപ്പിച്ച പൊലീസ് നിരാഹാര സമരം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.

അറസ്റ്റ് ചെയ്ത നേതാക്കളെ ടൗൺ പൊലീസ്സ് സ്റ്റേഷനിൽ എത്തിച്ചു. നിരാഹാര സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി കണ്ണുർ ടൗൺ സ്റ്റേഷനിലെത്തി നേതാക്കളെ സന്ദർശിച്ചു.

പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനായ ബിജെപി നേതാവ് കുനിയില്‍ പത്മരാജനെതിരെ പോക്‌സോപ്രകാരം കേസെടുത്തിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിൽ ആണെന്നാണ് പൊലീസ് പറയുന്നത്.

Comments (0)
Add Comment