ജനമഹായാത്ര : യൂത്ത് കോൺഗ്രസ് നേതാവിന് നേരെ പൊലീസ് അതിക്രമം; മര്‍ദ്ദനത്തില്‍ കുടല്‍ മുറിഞ്ഞ ലിബിന് ഇന്ന് ശസ്ത്രക്രിയ

ജനമഹായാത്ര കഴിഞ്ഞു മടങ്ങിയ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ പൊലീസ് അതിക്രമം. ഹൈവേ പൊലീസ്  ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം വൈസ് പ്രസി‍ഡന്റ് ലിബിൻ കെ. ഐസക്കിനാണ് മർദനമേറ്റത്. ചെറുകുടല്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെതുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ലിബിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടക്കും.

വ്യാഴാഴ്ച രാത്രി ചിങ്ങവനം റോഡിൽ പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ സ്കൂട്ടറിൽ എത്തിയ ലിബിനെ പൊലീസ് തടഞ്ഞു. വാഹനം നിർത്താതെ പോയതിനാലാണ് പിന്തുടർന്ന് പിടിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ മണിപ്പുഴ ഭാഗത്തുനിന്ന് പിടികൂടിയ ഉടനെ പൊലീസ് മർദിച്ചുവെന്നും പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി വാഹനത്തിൽവച്ചും ക്രൂരമായ മർദ്ദനമുറ ആവര്‍ത്തിക്കുകയായിരുന്നുവെന്നും ലിബിന്‍ പറഞ്ഞു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ വൈദ്യപരിശോധന നടത്താൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇതിന് തയ്യാറായില്ല.

പിന്നീട് ജാമ്യത്തില്‍ വിട്ടയച്ച ലിബിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും  അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. വയറ്റിൽ  കനത്ത അഘാതമേറ്റതായി ഡോക്ടർ പറഞ്ഞു.

സംഭവത്തിൽ ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പ്രതിഷേധിച്ചു.  സംഭവത്തില്‍ പ്രതിഷേധിച്ച്  രാവിലെ ചിങ്ങവനം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും

Comments (0)
Add Comment