മുഖ്യമന്ത്രിക്കെതിരെ ഇന്നും യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു കരിങ്കൊടി പ്രതിഷേധം; കരുതല്‍ തടങ്കല്‍, കസ്റ്റഡി

 

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ ഇന്നും യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. കാസർഗോഡേയ്ക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിക്ക് എതിരെ കണ്ണൂരിൽ രണ്ട് ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം. തളിപ്പറമ്പ് ചുടലയിലും പരിയാരം പോലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച 10 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ പോലീസ് വ്യാപകമായി കരുതൽ തടങ്കലിൽ ആക്കിയിരുന്നു. ഇതിനിടയിലാണ് കാസർഗോഡേയ്ക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജയിംസ്, വി രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തളിപ്പറമ്പ് ചുടലയിലെ പ്രതിഷേധം. മൂവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച 7 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സന്ദീപ് പാണപ്പുഴ, മഹിത മോഹൻ, സുധീഷ് വെള്ളച്ചാല്‍, വിജേഷ് മാട്ടൂൽ, രാഹുൽ പൂങ്കാവ്, മനോജ് കൈതപ്രം, ജെയ്സൺ മാത്യു എന്നിവരാണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് തളിപറമ്പിൽ 7 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പയ്യന്നൂരിൽ രണ്ട് പേരെയും കരുതൽ തടങ്കലിൽ ആക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്‍റ് ഭരത് ഡി പൊതുവാൾ, കെഎസ്‌യു പയ്യന്നൂർ അസംബ്ലി പ്രസിഡന്‍റ് ആകാശ് ഭാസ്കർ എന്നിവരെയാണ് മുൻകരുതലായി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 8.50 ഓടെയാണ് പയ്യന്നൂർ പെരുമ്പ ദേശീയ പാതയ്ക്ക് സമീപത്ത് വെച്ച് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Comments (0)
Add Comment