കെ പി സി സി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്ര ആദ്യ ദിവസത്തെ പര്യടനം തുടരുന്നു. വലിയ ജനപങ്കാളിത്തമാണ് യാത്രയിലുടനീളം ലഭിക്കുന്നത്. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയുടെ ഡിജിപി ആർ.എസ് എസ്സുകാരനാണെന്നും മുഖ്യമന്ത്രിയുടെ ലക്ഷ്യം ബിജെപിയിലേക്ക് ആളെയുണ്ടാക്കി കൊടുക്കുകയെന്നതാണെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം പാളയത്ത് നിന്നാരംഭിച്ച് കേശവദാസപുരം, മണ്ണന്തല വഴി വട്ടപ്പാറയിലെത്തിയ യാത്രയ്ക്ക് മുൻ ദേവസ്വം മന്ത്രി വി.എസ് ശിവകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ആചാരങ്ങൾ ഇല്ലാതാക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ കൈകൾ ബന്ധിയാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. അതേ സമയം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് അംഗങ്ങൾ രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്നും ബി ജെ പിയെ കേരളത്തിൽ നിലയുറപ്പിക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും കെ.മുരളീധരൻ ചൂണ്ടിക്കാട്ടി.
ശബരിമലയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കലാപം സൃഷ്ടിക്കുകയാണെന്നും
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി മുന്നോട്ട് പോകാനാണ് ശ്രമമെങ്കിൽ ത്രിപുരയിലെ അവസ്ഥയായിരിക്കും സി പി എമ്മിന് കേരളത്തിലുമെന്നും വി.എസ് ശിവകുമാർ എം.എൽ.എയും വ്യക്തമാക്കി.