സുരേഷ്‌ഗോപിയുടെ വാഹനവ്യൂഹം ഇടിച്ചു വീട്ടമ്മക്ക് പരിക്ക്; ചികിത്സാ സഹായം നല്‍കാതെ ആശുപത്രിയില്‍ നിന്ന് മുങ്ങി ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ അണികള്‍

Thursday, April 4, 2019

തൃശൂര്‍: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് തിരികെ പോകുകയായിരുന്ന സുരേഷ്‌ഗോപിയുടെ വാഹനവ്യൂഹം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മക്ക് പരിക്ക്. അതേ കാറില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സാ സഹായം നല്‍കാതെ പാര്‍ട്ടിക്കാര്‍ മുങ്ങിയെന്ന് ആക്ഷേപം. പാലക്കല്‍ ശങ്കരം പുറത്ത് രമാദേവിയാണ് സഹകരണ ആശുപത്രിയില്‍ ദേഹമാസകലം വേദനയുമായി ചികിത്സയില്‍ കഴിയുന്നത്. സ്വതന്ത്ര മണ്ഡപം സായാഹ്നപത്രത്തിലെ ജീവനക്കാരിയാണ് രമ.

സുരേഷ്‌ഗോപി പത്രിക നല്‍കി മടങ്ങുമ്പോള്‍ നടുവിലാല്‍ ഗണപതിക്ക് മുന്നിലെത്തിയപ്പോഴാണ് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന കാര്‍ തട്ടിയത്. സ്‌കൂട്ടറില്‍ നിന്നും വീണ രമയെ, ഇടിച്ച കാറിലുണ്ടായിരുവന്നവര്‍ ആശുപത്രിയില്‍ എത്തിച്ചു. വല്ലതും പറ്റിയോ എന്ന ഡോക്ടറോട് അന്വേഷിച്ചപ്പോള്‍ എക്സ്‌റേ എടുത്ത ശേഷം പറയാമെന്ന് ഡോക്ടര്‍ അറിയിച്ചു. അതിന് പണം കെട്ടി വെക്കാന്‍ തങ്ങളുടെ പക്കല്‍ പണം ഇല്ലെന്ന് ഇന്നോവ ക്രിസ്റ്റകാറില്‍ വന്നവര്‍ അറിയിച്ചു. പണം പിന്നാലെ വരുമെന്ന് പറഞ്ഞ് അവര്‍ പോയതായി ജീവനക്കാര്‍ പറഞ്ഞു.
പിന്നാലെ വന്നവര്‍ 200 രൂപ നല്‍കി തിരിച്ച് പോയി. വന്നവര്‍ കയ്യില്‍ കളര്‍ ചരട് കെട്ടിയവരാണെന്ന് മാത്രമേ ജീവനക്കാര്‍ക്ക് അറിയൂ. ഇവര്‍ വന്ന കാറിന്റെ ദൃശ്യം ആശുപത്രി സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാകട്ടെ ആശിപത്രിയിലേക്ക് വന്നതുമില്ല എന്ന് രമാദേവി പറയുന്നു.