വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയ സംഭവം : സി.പി.എം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

Jaihind News Bureau
Sunday, October 11, 2020

മലപ്പുറം : വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയ സംഭവത്തിൽ ഇടത് നേതാക്കൾക്കെതിരെ പൊലീസ് കേസടുത്തു. സി.പി.എം നേതാവായ പൊന്നാനി സർവീസ് സഹകരണ ബാക്ക് ട്രഷറർക്കും പെൻഷൻ വിതരണ ചുമതല ഉണ്ടായിരുന്ന ബാങ്ക് ജീവനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവിനുമെതിരെയുമാണ് പോലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

സി.പി.എം ഭരിക്കുന്ന പൊന്നാനി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വ്യാജ ഒപ്പിട്ട് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ വിധവാ പെൻഷൻ തുക തട്ടിയ വാർത്ത ജയ്ഹിന്ദ് ന്യൂസ് ആണ് പുറത്തുവിട്ടത്. പിന്നാലെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് സമരവുമായെത്തി. ഇതിനുശേഷമാണ് പൊലീസ് ഇടത് നേതാക്കൾക്കെതിരെ കേസടുത്തത്. പെൻഷൻ വിതരണത്തിന് ചുമതല ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി.

കറുക തിരുത്തി പ്രദേശത്തെ മുതിർന്ന സി.പി.എം നേതാവും പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ സുദേശൻ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റും സഹകരണ ബാങ്ക് ബിൽ കളക്ടറുമായ രാഹുൽ വളരോടത്ത് എന്നിവർക്കെതിരെയാണ് കേസ്. 22-ാം വാർഡ് കൗൺസിലറും പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷീനയുടെ ഭർത്താവാണ് സുദേശൻ. കറുപ്പം വീട്ടിൽ ആയിഷയുടെ ഒരു വർഷത്തെ വിധവാ പെൻഷൻ, 14,900  രൂപ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ നൽകിയ പരാതിയിലാണ് കേസ്.