പൗരത്വ ഭേദഗതി നിയമം : എന്‍.ഡി.എയിലും ബി.ജെ.പിയിലും ഭിന്നത ; മുസ്ലീങ്ങളെ ഒഴിവാക്കിയത് എന്തിനെന്ന് ബി.ജെ.പി പശ്ചിമ ബംഗാള്‍ ഉപാധ്യക്ഷന്‍

Jaihind News Bureau
Tuesday, December 24, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്‍.ഡി.എയില്‍ എതിർ സ്വരം ഉയർന്നതിന് പിന്നാലെ ബി.ജെ.പിയിലും ഭിന്നത. ബി.ജെ.പി പശ്ചിമ ബംഗാള്‍ ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ മതവിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പിന്നെ എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും മുസ്ലീം മതവിഭാഗങ്ങളെ ഒഴിവാക്കുന്നതെന്ന് ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നു. അയല്‍ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ പീഡനം അനുഭവിക്കുന്നതിനാലാണ് അവർ ഇന്ത്യയിലെത്താന്‍ നിർബന്ധിതരാകുന്നത്. ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കി ചന്ദ്രകുമാര്‍ ബോസ് നിയമത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ കൊച്ചുമകന്‍ കൂടിയാണ് ചന്ദ്രകുമാര്‍ ബോസ്.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് ബി.ജെ.പി വർക്കിംഗ് പ്രസിഡന്‍റ് ജെ.പി നഡ്ഡ ബംഗാളില്‍ അഭിനന്ദന്‍ യാത്ര നടത്തിയതിന് പിന്നാലെയാണ് ചന്ദ്രകുമാര്‍ ബോസിന്‍റെ ട്വിറ്റര്‍. നേരത്തെ മുസ്ലീം വിഭാഗങ്ങളെയും നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ ഘടകകക്ഷി ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീർ സിംഗ് ബാദല്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ എത്രയും വേഗം എന്‍.ഡി.എ യോഗം ചേരണമെന്ന് ജനതാദള്‍ യുണൈറ്റഡും ആവശ്യമുന്നയിച്ചു.

അതിനിടെ നിയമത്തെ പാർലമെന്‍റില്‍ അനുകൂലിച്ച വൈ.എസ്.ആർ കോണ്‍ഗ്രസും ഇന്നലെ നിയമത്തിനെതിരെ രംഗത്ത് വന്നു. നിയമം ആന്ധ്രാപ്രദേശില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വ്യക്തമാക്കി. നേരത്തെ ബില്ലിനെ അനുകൂലിച്ച എന്‍.ഡി.എയിലെ പല ഘടകകക്ഷികളും ഇപ്പോള്‍ ബില്ലിനെ എതിര്‍ക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. അതേസമയം നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുകയാണ്.