രാജ്യത്തേക്ക് എത്തിച്ച കള്ളപ്പണമെവിടെ? മോദിയോട് വിവരാവകാശ കമ്മീഷൻ

Jaihind Webdesk
Monday, October 22, 2018

നാലര വർഷത്തെ ഭരണത്തിനിടയ്ക്ക് രാജ്യത്തേക്ക് വിദേശത്തു നിന്നും ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്‍റെ കണക്ക് മോദിയുടെ ഓഫീസിനോട് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷൻ. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം വിദേശത്തു നിന്നും ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്‍റെ അളവും മൂല്യവും സംബന്ധിച്ച വിവരങ്ങളും ഇതിനായി സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖാമൂലമുള്ള വിവരങ്ങളും നൽകാൻ നിർദേശമുണ്ട്. ഫോറസ്റ്റ് ഓഫീസർ സഞ്ജയ് ചതുർവേദി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഉത്തരം നൽകുന്നതിന്‍റെ ഭാഗമായാണ് കമ്മീഷന്‍റെ നിർദേശം. കള്ളപ്പണം സംബന്ധിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വിവരാവകാശ പ്രകാരം മറുപടി നൽകേണ്ടെന്നും അത്തരം ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ പെടുന്നതല്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിലപാട്. എന്നാൽ ഈ നിലപാട് നിരാകരിച്ച കമ്മീഷൻ വിവരം നൽകാൻ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച ഇതേ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകാൻ മുതിർന്നിരുന്നില്ല. ഇതോടെയാണ് ഇതേ വിവരങ്ങൾ വീണ്ടുമുന്നയിച്ച് സഞ്ജയ് ചതുർവേദി മുഖ്യവിവരാവകാശ കമ്മീഷണർക്ക് വീണ്ടും അപേക്ഷ നൽകിയത്. കേന്ദ്രസർക്കാരിന്‍റെ പ്രധാനപ്പെട്ട പദ്ധതികളായ മെയ്ക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാർട്ട് സിറ്റി പദ്ധതി എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും ചതുർവേദി നൽകിയ വിവരാവകാശ അപേക്ഷയിൽ ഉൾപ്പെടുന്നു. ഇതിനു പുറമേ കേന്ദ്രമന്ത്രിമാരുടെ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും മുഖ്യവിവരാവകാശ കമ്മീഷണർ പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിർദേശിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെയുള്ള പരാതികൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനാണ് വിവരാവകാശ കമ്മീഷണറായ രാധാകൃഷ്ണൻ മാത്തൂർ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പു കാലത്ത് ബി.ജെ.പിയും പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന മോദിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ പ്രമുഖമായിരുന്നു കള്ളപ്പണ നിർമാർജനം. തെരെഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറിയ മോദി ഇതാവർത്തിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് പുറത്തുള്ള കള്ളപ്പണനിക്ഷേപം ഇന്ത്യയിലെത്തിച്ച് ഒരോ പൗരന്‍റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന തരത്തിലായിരുന്നു ജനങ്ങൾക്ക് മോദി നൽകിയ വാഗ്ദാനം. ഇതിന്‍റെ ഭാഗമെന്ന് പറഞ്ഞ് നടപ്പാക്കിയ നോട്ട് നിരോധനവും പാടെ പാളിയിരുന്നു. ഇതിനിടെയാണ് കോടികളുടെ വായ്പയെടുത്ത നീരവ് മോദി, വിജയ്മല്യ തുടങ്ങിയ ശതകോടീശ്വരൻമാർ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടു പോയത്. വൻകിട മുതലാളിമാർ രാജ്യം വിടുന്നതിനു മുമ്പ് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വസ്തുതാപരമായ ആരോപണവും നിലനിൽക്കുകയാണ്.