തോട്ടം തൊഴിലാളികള്‍ക്കായി ക്ഷേമപദ്ധതികള്‍; കേന്ദ്ര ധനവകുപ്പ് അംഗീകാരം നല്‍കിയതായി ഡീന്‍ കുര്യാക്കോസ് എം.പി

 

ഇടുക്കി : തോട്ടം മേഖലയിലെ തൊഴിലാളികളുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി 50 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കൊവിഡ് മഹാമാരി നേരിടുന്നതിനായി തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമർപ്പിച്ച ക്ഷേമപദ്ധതികൾക്ക് കേന്ദ്ര ധനകാര്യ വകുപ്പ് അംഗീകാരം നൽകിയെന്ന് കേന് ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി രാമേശ്വർ തേലി അറിയിച്ചു. പാർലമെന്‍റിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2021 മുതൽ 2026 വരെ അഞ്ച് വർഷത്തേക്ക് തോട്ടം മേഖലയിലെ തൊഴിലാളികളുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചെറുകിട, ഇടത്തരം തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് 25,000 രൂപയുടെ വാർഷിക ഗ്രാന്‍റാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. റബ്ബർ തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് 2020-21 ൽ 2.98 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.

കൂടാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ (PMGKY) കാപ്പിതോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നേരിട്ട് തുക അക്കൗണ്ടിൽ നൽകി വരുന്നു. അതൊടൊപ്പം തന്നെ തൊഴിലാളികളുടെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടിൽ നിന്നും 90 ശതമാനം തുക വരെ ഒരു മാസത്തിൽ പിൻവലിക്കാനുള്ള സാഹചര്യം ഒരുക്കിയതായും കേന്ദ്ര മന്ത്രി അറിയിച്ചു.

Comments (0)
Add Comment