ബി.ജെ.പിയുടെ ജനാധിപത്യ അട്ടിമറിക്കെതിരെ രൂക്ഷ വിമർശനവുമായി ‘ദ ടെലിഗ്രാഫ്’ പത്രം

Jaihind Webdesk
Sunday, November 24, 2019

രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപക മാകുന്നു. അവിശുദ്ധമായ കുതിരക്കച്ചവടത്തിലൂടെ മഹാരാഷ്ട്രയില്‍ സർക്കാരുണ്ടാക്കിയ ബി.ജെ.പിയുടെ അര്‍ധരാത്രിനാടകത്തെ രൂക്ഷമായ ഭാഷയില്‍  മാധ്യമങ്ങളും വിമർശിക്കുന്നു.

‘നമ്മള്‍ വിഡ്ഡികള്‍’ (We the Idiots) എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര സംഭവങ്ങളെക്കുറിച്ച് ‘ദ ടെലഗ്രാഫ്’ പത്രം നല്‍കിയ തലക്കെട്ട്. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി ബി.ജെ.പി മഹാരാഷ്ട്രയില്‍ നടത്തിയ ജനാധിപത്യവിരുദ്ധ നീക്കത്തെ കടുത്ത ഭാഷയിലാണ് പത്രം വിമർശിക്കുന്നത്.

പ്രധാനമന്ത്രി രാജ്യത്ത് ഒരു പ്രത്യേക നിയമം നടപ്പാക്കുമ്പോൾ ആളുകൾ വിഡ്ഡികളല്ലാതെ മറ്റെന്താണെന്ന് ടെലഗ്രാഫ് ചോദിക്കുന്നു. രാഷ്ട്രപതിയുടെ ഓഫീസ് ബി.ജെ.പിയുടെ റബ്ബര്‍ സ്റ്റാമ്പാകുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ വിഡ്ഡികളല്ലാതെ പിന്നെ മറ്റെന്താണ് ? പുലർച്ചെ 5.47 ന് രാഷ്ട്രപതിഭരണം റദ്ദാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉത്തരവിറങ്ങുന്ന രാജ്യത്തെ ജനങ്ങള്‍ മറ്റെന്താണ്? – ദ ടെലഗ്രാഫ് ചോദിക്കുന്നു.

അതേസമയം മഹാരാഷ്ട്ര സർക്കാർ രൂപീകരണ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവസേനയും എൻ.സി.പിയും കോൺഗ്രസും സമർപ്പിച്ച സംയുക്ത ഹർജി രാവിലെ 11.30 നാണ് കോടതി പരിഗണിക്കുക. മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസുമാരായ എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജയ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ട് രാത്രിയുടെ മറവില്‍ നടത്തിയ സർക്കാര്‍ രൂപീകരണത്തില്‍ ഗവർണറുടെ ഓഫീസിനെതിരെയും  ആരോപണം ഉയരുന്നുണ്ട്. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ജനാധിപത്യനടപടിക്രമങ്ങള്‍ പാലിച്ചല്ല ഗവർണർ സർക്കാർ രൂപീകരണത്തിന് അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യാതൊരു പരിശോധനയും ഇല്ലാതെയാണ് ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചതെന്നും വിഷയം പാര്‍ലമെന്‍റിലും ചർച്ചയാക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.