എ.എം.എം.എ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. മലയാള സിനിമയിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യമില്ലെന്ന് ഡബ്ല്യു.സി.സി കുറ്റപ്പെടുത്തി. അക്രമത്തിനിരയായ നടിയെ എ.എം.എം.എ നേതൃത്വം തുടർച്ചയായി അപമാനിക്കുകയാണ്. കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനാ നേതൃത്വത്തിൽ വിശ്വാസമില്ലെന്നും ഡബ്ല്യു.സി.സി ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഡബ്ല്യുസിസി വാർത്താ സമ്മേളനത്തിലും മീ റ്റൂ വെളിപ്പെടുത്തൽ. 17 വയസുകാരി രാത്രി മുറിയിൽ വന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായി നടി രേവതി വെളിപ്പെടുത്തി. നടി അർച്ചന പദ്മിനിയും തനിക്ക് നേരിട്ട ലൈംഗികാതിക്രമം തുറന്ന് പറഞ്ഞു.
രേവതി, പത്മപ്രിയ, പാര്‍വതി, റിമ കല്ലിങ്കല്‍, ബീന പോള്‍, അഞ്ജലി മേനോന്‍, ദീദീ ദാമോദരന്‍, സജിത മഠത്തില്‍, അര്‍ച്ചന പത്മിനി തുടങ്ങിയവരാണ് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് രേവതി വിശദീകരിച്ചത്. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അവർ വ്യക്തമാക്കിയില്ല.
പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ പ്രൊഡക്ഷൻ കൺട്രോളറായ ഷെറിൻ സ്റ്റാൻലി അപമാനിച്ചുവെന്നാണ് അർച്ചന പദ്മിനി പറയുന്നത്. ഇക്കാര്യം ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ഈ സംഭവത്തിന് ശേഷം തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചില്ലെന്നും അർച്ചന പറഞ്ഞു.
അതേസമയം തങ്ങൾക്കുണ്ടായ എല്ലാ ദുരനുഭവങ്ങളും മീ റ്റൂ വെളിപ്പെടുത്തൽ തന്നെയാണെന്ന നിലപാടാണ് പാർവതി തിരുവോത്ത് പങ്കുവെച്ചത്. ഡബ്ല്യുസിസി വാർത്താ സമ്മേളനത്തിൽ മീ റ്റൂ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന എഴുത്തുകാരൻ എൻ.എസ്.മാധവന്‍റെ ട്വീറ്റ് നേരത്തെ ചർച്ചയായിരുന്നു.