മാത്യു ടി തോമസ് രാജിവെച്ചു; അധ്യക്ഷസ്ഥാനത്തെച്ചൊല്ലി JDS-ല്‍ തര്‍ക്കം

Jaihind Webdesk
Monday, November 26, 2018

ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു. രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറി. ജെ.ഡി.എസ് ദേശീയനേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് രാജി. പാര്‍ട്ടിയിലെ ധാരണപ്രകാരം കെ കൃഷ്ണൻകുട്ടി പകരം മന്ത്രിയാകും.

അതേസമയം രാജിയെച്ചൊല്ലി മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും തമ്മിലുണ്ടായ വാക്പോര് ജെ.ഡി.എസിലെ കലഹം രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനിടെ കെ കൃഷ്ണൻകുട്ടിയുടെ നീക്കത്തിനെതിരെ മാത്യു ടി തോമസ് വിഭാഗം കൊച്ചിയിൽ ബദൽയോഗം വിളിച്ചുചേർക്കാനും നീക്കമുണ്ട്. നീലലോഹിതദാസന്‍ നാടാരെ അധ്യക്ഷസ്ഥാനത്ത് എത്തിക്കാനാണ് കെ കൃഷ്ണന്‍കുട്ടി വിഭാഗത്തിന്‍റെ നീക്കം. എന്നാല്‍ താനോ സി.കെ നാണുവോ അധ്യക്ഷസ്ഥാനത്ത് എത്തണമെന്നാണ് മാത്യു ടി തോമസ് ലക്ഷ്യമിടുന്നത്. എന്നാല്‍ മുന്നണിമാറ്റം എന്നത് അജണ്ടയിലില്ലെന്നും അധ്യക്ഷസ്ഥാനം തര്‍ക്കവിഷയമല്ലെന്നുമാണ് രാജി നല്‍കിയതിന് ശേഷം മാത്യു ടി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ നാളെയുണ്ടായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഗവർണറുടെ സൗകര്യം ആരാഞ്ഞതിന്  ശേഷമാകും സത്യപ്രതിജ്ഞ എന്ന് വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.