ഓപറേഷന്‍ താമരയെ കുഴിയില്‍ മൂടാന്‍ കോണ്‍ഗ്രസ്: ഗുലാംനബി ആസാദും കെ.സിയും കര്‍ണാടകയില്‍; ജൂണ്‍ ഒന്നിന് മന്ത്രിസഭ വീണില്ലെങ്കില്‍ യെദ്യൂരപ്പ രാജിവെയ്ക്കുമോയെന്ന് സിദ്ധരാമയ്യ

Jaihind Webdesk
Wednesday, May 29, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അസാന്‍മാര്‍ഗ്ഗികവും ജനാധിപത്യവിരുദ്ധവുമായ രീതികളിലൂടെ ബി.ജെ.പിയിതര സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിന്റെ ആദ്യപടിയായി കര്‍ണാടക സര്‍ക്കാരിനെതിരെ ഓപറേഷന്‍ താമരയെന്ന പേരില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും യെദ്യൂരപ്പയും. എന്നാല്‍ ഇതിനെ എന്തുവില കൊടുത്തും തടയുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്.
ഇതിന്റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും കെ.സി. വേണുഗോപാലും കര്‍ണാടകയിലെത്തി. ഹൈക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും കര്‍ണാടകയിലെത്തിയത്. കെ.സി. വേണുഗോപാലിനാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതല.

കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികളുടെ നിയമസഭാംഗങ്ങളുടെ യോഗം അതാത് പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ചേര്‍ന്നു. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.കെ. ശിവകുമാറിന്റെ നീക്കങ്ങള്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍.
യെദ്യൂരപ്പ സ്വപ്‌നം കാണുന്ന ഓപറേഷന്‍ താമരയെ കുഴിയില്‍ മൂടാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യം അണിയറയില്‍ നടത്തുന്നത്.
കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ ജൂണ്‍ ഒന്നിന് വീണില്ലെങ്കില്‍ യെദ്യൂരപ്പ രാജിവെക്കുമോയെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു.  ‘ജൂണ്‍ ഒന്നിന് സഖ്യസര്‍ക്കാര്‍ വീണില്ലെങ്കില്‍ യെദ്യൂരപ്പ എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ രാജിവെക്കുമോ?, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണഘടനയെ വണങ്ങുന്നത് കണ്ടിരുന്നു. ആ ഭരണഘടനയില്‍ ഞങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുന്ന വകുപ്പുകളെ കുറിച്ച് എവിടെയാണ് പ്രതിപാദിക്കുന്നത്‘ -സിദ്ധരാമയ്യ ചോദിച്ചു.

യെദ്യൂരപ്പ ഇനിയും നാല് വര്‍ഷം സര്‍ക്കാര്‍ വീഴുമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന് യാതൊരു ഭീഷണിയും ഇല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.