കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Jaihind Webdesk
Tuesday, November 27, 2018

ചിറ്റൂർ എം.എൽ.എ കെ കൃഷ്ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ പ്രശ്നങ്ങൾ മുൻനിർത്തി യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചു.

രാജ്ഭവൻ ഹാളിലെ ലളിതമായ ചടങ്ങിലായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി മന്ത്രിയായി കെ കൃഷ്ണൻകുട്ടി സ്ഥാനം ഏറ്റെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ , സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിസ്ഥാനമൊഴിഞ്ഞ മാത്യു ടി തോമസ്, ഇടതുപാളയത്തിലെത്തിയ ജനതാ ദൾ നേതാവ് എം.പി വീരേന്ദ്രകുമാർ, മന്ത്രിമാർ മറ്റ് എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിയമസഭാംഗമായതിന്‍റെ നാലാം ഊഴത്തിൽ കൃഷ്ണൻകുട്ടി മന്ത്രിപദത്തിലെത്തുന്നത് കാണാൻ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ശബരിമല പ്രശ്നം, മന്ത്രി കെ.ടി ജലീലിന് എതിരായ ബന്ധുനിയമന വിവാദം എന്നിവ മുൻനിർത്തി യു.ഡി.എഫ് നേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ് പുറത്തിറങ്ങിയ കൃഷ്ണൻകുട്ടിക്ക് പ്രവർത്തകര്‍ സ്വീകരണം നല്‍കി.