കർണാടകയില്‍ ബി.ജെ.പി അടിതുടങ്ങി; കേന്ദ്രനേതൃത്വത്തിനും തലവേദന

Jaihind Webdesk
Friday, August 2, 2019

മുഖ്യമന്ത്രിയായ യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും മന്ത്രിസഭാ വികസനം യെദിയൂരപ്പയുടെ മുന്നില്‍ കീറാമുട്ടിയായി നില്‍ക്കുകയാണ്. 105 പേരുടെ പിന്തുണ ബി.ജെ.പിക്കുണ്ടെങ്കിലും പത്ത് ബി.ജെ.പി എം.എല്‍.എമാർ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നും പാർട്ടി വിടുമെന്ന് യെദിയൂരപ്പയെയും പാർട്ടി നേതൃത്വത്തെയും അറിയിച്ചിരിക്കുകയാണ്.

ഇതിനുപുറമെ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് 50 സീനിയർ ബി.ജെ.പി എം.എല്‍.എമാരും രംഗത്തുണ്ട്. 17 വിമത കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ ഉപയോഗിച്ചാണ് യെദിയൂരപ്പ, കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ചത്. എന്നാലിത് ബി.ജെ.പിയെ തന്നെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുകയാണ്. 10 ബി.ജെ.പി എം.എല്‍.എമാർ പാർട്ടി വിടുമെന്നും എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നുമുള്ള കടുത്ത നിലപാടിലാണ്. ബി.ജെ.പി മന്ത്രിസ്ഥാന മോഹികളായ 10 എം.എല്‍.എമാർ ഇതിനകം തന്നെ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുമായും സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയതും യെദിയൂരപ്പ മന്ത്രിസഭ വീഴുമെന്ന അഭ്യൂഹം ശക്തമാക്കിയിരിക്കുകയാണ്.

ഇതിന് പുറമെ സമുദായ സമവാക്യങ്ങളുമായി ബി.ജെ.പി എം.എല്‍.എമാർ രംഗത്തെത്തിയതും യെദിയൂരപ്പയെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. 5 പ്രമുഖ വകുപ്പുകള്‍ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായവും യെദിയൂരപ്പയുടെ മേല്‍ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം യെദിയൂരപ്പ മന്ത്രിസഭയെ തല്‍ക്കാലം മറിച്ചിടേണ്ടെന്നും ബി.ജെ.പി സ്വയം അടിച്ചുപിരിഞ്ഞ് യെദിയൂരപ്പ സർക്കാര്‍ താഴെ വീഴുന്നതുവരെ ഗ്യാലറിയിലിരുന്ന് കളി കാണാനാണ് കോണ്‍ഗ്രസിന്‍റെയും ജെ.ഡി.എസിന്‍റെയും തീരുമാനം.