സിപിഎമ്മിന്‍റെ നീചമായ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള താക്കീത്: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, January 24, 2022

 

കോടതിയില്‍ വിഎസിനേറ്റ തിരിച്ചടി നീചമായ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള താക്കീതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിട്ട് എന്ത് ദുരാരോപണങ്ങള്‍ ഉന്നയിക്കാനും വോട്ട് കച്ചവടം നടത്താനും സിപിഎമ്മിന് ഒരു മടിയുമില്ലെന്നും  അദ്ദേഹം പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിഎസിനെതിരായ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച വി.എസ് അച്ച്യുതാനന്ദൻ 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എല്ലാ കാലങ്ങളിലും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് സി.പി.എമ്മിൻ്റെ ലക്ഷ്യം. അതിനു വേണ്ടി എന്ത് ദുരാരോപണങ്ങൾ ഉന്നയിക്കാനും ആരുമായും വോട്ട് കച്ചവടം നടത്താനും അവർ മടിക്കാറില്ല. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് സത്യമെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് സി.പി.എം നേതാക്കൾ കാലങ്ങളായി നടത്തുന്നത്. ഇത്തരം നീചമായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള താക്കീതാണ് കോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. സി.പി.എം. ഇത് ഒരു പാഠമായി എടുത്തു ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കാൻ തയാറാവണം.