‘ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’ ; പൈപ്പില്‍ വെള്ളമില്ലെന്ന് രാജേഷ്, ‘വെള്ളം കുടിപ്പിച്ച്’ ബല്‍റാമിന്‍റെ മറുപടി | VIDEO

Jaihind Webdesk
Monday, April 5, 2021

പാലക്കാട് : സമൂഹമാധ്യമങ്ങളില്‍ വൈറലായി കുടിവെള്ള വിഷയത്തില്‍ വി.ടി ബല്‍റാം എം.ബി രാജേഷിന് നല്‍കിയ മറുപടി. പ്രദേശത്ത് കുടിവെള്ളക്ഷാമമെന്ന് കാണിക്കാനായി ഇടതുസ്ഥാനാർത്ഥി എം.ബി രാജേഷ് ചെയ്ത വീഡിയോയ്ക്കാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ വി.ടി ബല്‍റാം രംഗത്തെത്തിയത്.

തൃത്താല മണ്ഡലത്തിലെ പട്ടിത്തറ പഞ്ചായത്തില്‍ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളമില്ല എന്ന് വരുത്തിത്തീർക്കാനായിരുന്നു വീഡിയോയിലൂടെ രാജേഷിന്‍റെ ശ്രമം. ഒരു വീടിന് മുന്നിലെ പൈപ്പ് തുറന്ന് അതിൽ നിന്നും വായു മാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി രാജേഷിന്‍റെ വിഡിയോ. ഇതു ശ്രദ്ധയിൽപ്പെട്ട ബൽറാം ഇതേ സ്ഥലത്തെത്തി. പ്രദേശവാസിയായ സ്ത്രീയെ കൊണ്ടുതന്നെ പൈപ്പ് തുറപ്പിച്ച് വെള്ളം കുടിച്ചായിരുന്നു ബല്‍റാം മറുപടി നല്‍കിയത്. രാജേഷിന്‍റെ വ്യാജ പ്രചാരണം പൊളിച്ചടുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട ട്രോളും ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കുടിവെള്ള പ്രതിസന്ധിയുള്ള സ്ഥലത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചെന്നും ഇവിടെ 250 മീറ്റർ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ബൽറാം വ്യക്തമാക്കി. ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും രാജേഷിനോട് ബല്‍റാം വീഡിയോയിൽ പറയുന്നു.