രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്; വഴിതിരിച്ചുവിടാനുള്ള കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ ഉദ്ദേശിക്കുന്നില്ല; മറുപടിയുമായി വി.ടി. ബല്‍റാം

Sunday, February 24, 2019

V.T.Balram

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിട്ടും മൗനംപാലിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. മറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ മറച്ചുവെയ്ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് സോഷ്യല്‍ മീഡിയയകളിലും നടക്കുന്നത്. അതിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ നിന്ന് അകലംപാലിച്ച് സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ച് വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞദിവസങ്ങളില്‍ ഫേസ്ബുക്കിലുണ്ടായ അനാവശ്യവിവാദങ്ങളെക്കുറിച്ച് പറയാതെ പറഞ്ഞായിരുന്നു വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനം.

അതു കൊണ്ട് ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.

അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്ക്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.