മുന്നണി വിപുലീകരണത്തിനെതിരെ ആഞ്ഞടിച്ച് വിഎസ് അച്യുതാനന്ദന്‍. വര്‍ഗ്ഗീയ കക്ഷികളുടെ ഇടത്താവളമല്ല എല്‍ഡിഎഫ്. സവർണ മേധാവിത്വമുളളവർ മുന്നണിയിൽ വേണ്ടെന്നും വി.എസ് പറഞ്ഞു. കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുളളവര്‍ മുന്നണിക്കു ബാധ്യതയാകും. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം ഇടതുപക്ഷമെന്നും വിഎസ് ആറ്റിങ്ങലിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണു നാലുപാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കാൻ തീരുമാനിച്ചത്. ഇതോടെ, ലോക് താന്ത്രിക് ദള്‍, കേരള കോണ്‍ഗ്രസ് (ബി), ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് എല്‍ഡിഎഫിലേക്കുള്ള വാതില്‍ തുറന്നത്. ശബരിമല സൃഷ്ടിച്ച രാഷ്ട്രീയ – സാമൂഹിക മാറ്റങ്ങള്‍ കണക്കിലെടുത്ത്, ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതിന്റെ ഭാഗമാണു തിരക്കിട്ടുള്ള മുന്നണി വിപുലീകരണം. ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കൊപ്പംനിന്ന ഐഎന്‍എല്ലിന് അംഗത്വം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നതു രണ്ട് പതിറ്റാണ്ടിലധികമാണ്.
കേരള കോണ്‍ഗ്രസ് (ബി) എന്‍സിപിയില്‍ ലയിച്ച് വരുമെന്ന പ്രതീക്ഷയില്‍ അവരെ പ്രത്യേകം ഉള്‍പ്പെടുത്തുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമമായി തീരുമാനിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തെത്തിയതും പിള്ളയുടെ സമ്മര്‍ദവും നടപടികള്‍ വേഗത്തിലാക്കി. ശബരിമല പ്രശ്നത്തിലെ നിലപാട് കേരള കോണ്‍ഗ്രസിനും മലബാറിലെ സ്വാധീനം ഐഎന്‍എല്ലിനും മലയോരമേഖലയിലെ പിന്തുണ ജനാധിപത്യ കേരള കോണ്‍ഗ്രസിനും തുണയായി. രാജ്യസഭാ സീറ്റ് കിട്ടിയെങ്കിലും മുന്നണിപ്രവേശം വൈകുന്നതിനുള്ള അതൃപ്തി ലോക്താന്ത്രിക് ദള്‍ പ്രകടിപ്പിച്ചിരുന്നു.