മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സർക്കാർ പിൻവലിക്കണം : വി.എം.സുധീരൻ

Jaihind Webdesk
Friday, November 30, 2018

V.M.-Sudheeran

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ്  വി.എം.സുധീരനും.  ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെക്രട്ടറിയേറ്റിനകത്തും പുറത്തും പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് പ്രശസ്ത വ്യക്തികൾ എന്നിവരുമായി മാധ്യമപ്രവർത്തകർ ഇടപെടുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ജനാധിപത്യ ഭരണക്രമത്തിൽ സുതാര്യത ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.  അത് ഭരണകൂടത്തിന്‍റെ ചുമതലയുമാണ്.

ജനങ്ങൾ അറിയേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതുമായ കാര്യങ്ങളെ സംബന്ധിച്ച് വിശദവിവരങ്ങൾ ആരായേണ്ടതും വ്യക്തത വരുത്തി വസ്തുനിഷ്ഠമായി അതെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ടതും മാധ്യമ ധർമ്മമാണ്. അവിടെ നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ പലതും മറച്ചു വയ്ക്കാനുള്ള വ്യഗ്രതയാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സുതാര്യതയെ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്.? ഈ ചോദ്യമാണ് സ്വാഭാവികമായി ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.

ഇന്നേവരെ രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിൽ ഒരു സർക്കാരിന്‍റെ കാലത്തും ഏർപ്പെടുത്താത്ത ഇത്തരം നിയന്ത്രണം ഒരു ഇടതുപക്ഷ ഭരണസംവിധാനത്തിൽ ഉണ്ടാകുന്നു എന്നത് അതിവിചിത്രവും അപലപനീയവുമാണെന്നും വി.എം.സുധീരന്‍ കുറ്റപ്പെടുത്തി.

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സർക്കാർ പിൻവലിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.