ഷുഹൈബിന്‍റെ കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ഭീകര സംഭവമെന്ന് വി.എം.സുധീരന്‍

Jaihind Webdesk
Tuesday, February 12, 2019

VM-Sudheeran-Shuhaib

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ഭീകര സംഭവമായിരുന്നു ഷുഹൈബിന്‍റെ കൊലപാതകമെന്ന് വി.എം.സുധീരന്‍. സി.പി.എമ്മിന്‍റെ കൊലക്കത്തിക്ക് ഇരയായി ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുമ്പോഴും ഇഷ്ടമില്ലാത്തവരെ ജീവിക്കാൻ അനുവദിക്കാതിരിക്കുക എന്ന വർഗ്ഗീയ/ രാഷ്ട്രീയ ഫാസിസ്റ്റ് ശൈലി ഇന്നും തുടരുന്നു. ഈ രീതി അനുവർത്തിക്കുന്നതിൽ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയും സംസ്ഥാന ഭരണത്തിനു നേതൃത്വം കൊടുക്കുന്ന സി.പി.എമ്മും പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ ഫാസിസത്തിന്‍റെ വക്താക്കളായ സി.പി.എം. ഷുഹൈബിന്‍റെ നല്ല പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ആർജ്ജിക്കാനാകുന്നു എന്ന് കണ്ടതിനെ തുടർന്നായിരുന്നു ആ ചെറുപ്പക്കാരനെ ഇല്ലായ്മ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മാതൃകാ ജനസേവനത്തിന്‍റെ പ്രതീകവും കാരുണ്യത്തിന്‍റെ നിറകുടവുമായിരുന്ന കർമ്മധീരനായ ആ കൊച്ചുസഹോദരന്‍റെ ധീരസ്മരണകൾക്ക് മുന്നിൽ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ത്യാഗോജ്ജ്വലമായി പ്രവർത്തിച്ച പ്രിയപ്പെട്ട ഷുഹൈബിൻ്റെ വീരസ്മരണ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുമെന്നത് തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

ഇഷ്ടമില്ലാത്തവരെ ജീവിക്കാൻ അനുവദിക്കാതിരിക്കുക, അതാണല്ലോ വർഗ്ഗീയ/ രാഷ്ട്രീയ ഫാസിസ്റ്റ് ശൈലി. ഈ രീതി അനുവർത്തിക്കുന്നതിൽ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയും സംസ്ഥാന ഭരണത്തിനു നേതൃത്വം കൊടുക്കുന്ന സി.പി.എമ്മും പരസ്പരം മത്സരിക്കുകയാണല്ലോ.

രാഷ്ട്രീയ ഫാസിസത്തിൻ്റെ വക്താക്കളായ സി.പി.എം. ഷുഹൈബിൻ്റെ നല്ല പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ആർജ്ജിക്കാനാകുന്നു എന്ന് കണ്ടതിനെ തുടർന്നായിരുന്നു ആ ചെറുപ്പക്കാരനെ ഇല്ലായ്മ ചെയ്തത്.

മാതൃകാ ജനസേവനത്തിൻ്റെ പ്രതീകവും കാരുണ്യത്തിൻ്റെ നിറകുടവുമായിരുന്ന കർമ്മധീരനായ ആ കൊച്ചുസഹോദരൻ്റെ ധീരസ്മരണകൾക്ക് മുന്നിൽ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ത്യാഗോജ്ജ്വലമായി പ്രവർത്തിച്ച പ്രിയപ്പെട്ട ഷുഹൈബിൻ്റെ വീരസ്മരണ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരും. തീർച്ച.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ഭീകര സംഭവമായിരുന്നു ഷുഹൈബിൻ്റെ കൊലപാതകം. ഷുഹൈബിൻ്റെ കാൽമുട്ടിനു താഴെ 37 വെട്ടുകളും കൈപ്പത്തിയിൽ 4 വെട്ടുകളും ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. ബോംബേറ് നടത്തി പരിഭ്രാന്തിയുണ്ടാക്കിയതിനു ശേഷമാണ് കൊലപാതകികൾ ഈ ക്രൂരകൃത്യം ചെയ്തത്.

ശക്തമായ ജനരോഷം ഉയർന്നുവന്നതിനെ തുടർന്ന് ചില നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായ പോലീസ് ഇതിൻ്റെ പുറകിൽ ഗൂഢാലോചന നടത്തി ഈ നിഷ്ഠൂരവധത്തിന് പ്രേരണ നൽകിയ നേതാക്കളെ തൊടാൻ ഇതേവരെ തയ്യാറായിട്ടില്ല.

ഏതായാലും അരിയിൽ ഷുക്കൂറിനെ പട്ടാപ്പകൽ വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ സി.പി.എം. ജില്ലാ സെക്രട്ടറി, എം.എൽ.എ ഉൾപ്പടെയുള്ള നേതാക്കളുടെ പേരിൽ ക്രിമിനൽ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത് നിയമവാഴ്ച തെല്ലെങ്കിലും നിലനിൽക്കുന്നു എന്ന വിചാരത്തിന് ഇടവരുത്തിയിട്ടുണ്ട്.

യഥാർത്ഥ പ്രതികളെ പിടികൂടുക, അവരെ കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക, ആയുധശേഖരം ആരു നടത്തിയാലും അതു കണ്ടെത്തി ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യുക ഇത്രയും നടന്നാൽ ബി.ജെ.പി-സി.പി.എം. ചോരക്കളി കുറേയെങ്കിലും നിയന്ത്രിക്കാനാകും.

ടി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി കൊലപ്പെടുത്തിയതിൻ്റെ പിന്നിലെ ഗൂഢാലോചന നടത്തിയവർ സ്വൈര്യവിഹാരം നടത്തുന്നു എന്നുള്ളത് നിയമവ്യവസ്ഥയ്ക്ക് മുന്നിലെ ഒരു ചോദ്യചിഹ്നമായി ഇപ്പോഴും നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ ശ്രിമതി രമ നടത്തുന്ന നിയമപോരാട്ടം ഫലസിദ്ധിയിലെത്തട്ടെ.

ഷുഹൈബ് ക്രൂരമായി വധിക്കപ്പെട്ടതിൻ്റെ പിന്നിലുള്ള പ്രേരകശക്തികളെയും ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരുന്നതിന് സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്. അതിനുവേണ്ടിയുള്ള നിയമപോരാട്ടം വിജയിക്കട്ടെ.