ബാലാവകാശ കമ്മീഷനെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പിന്മാറണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

 

ബാലാവകാശ കമ്മീഷനെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സർക്കാര്‍ പിന്മാറണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

നിയമന യോഗ്യതകളില്‍ വെള്ളം ചേർത്ത് ജില്ലാ ജഡ്ജി പദവിയിലിരിക്കുന്നവരെ പോലും മറികടന്നാണ് പി.ടി.എ. പ്രസിഡന്‍റായിരുന്ന ഒരാളെ കമ്മീഷന്‍ ചെയർമാന്‍ സ്ഥാനത്തേക്ക് നിയമിക്കാനൊരുങ്ങുന്നത്. ബാലാവകാശ കമ്മീഷന്‍റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

കുട്ടികളുടെ അവകാശസംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട സുപ്രാധാന പദവിയെ തകര്‍ക്കരുതെന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ത്തന്നെ നിയമനം നടത്തണമെന്നും വി.എം സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

മൂന്ന് വര്‍ഷം ചീഫ് സെക്രട്ടറി റാങ്കില്‍ ശമ്പളം ലഭിക്കുന്ന അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള സുപ്രധാന പദവിയാണിത്. കഴിഞ്ഞ മേയ് 25, 26 തീയതികളിലാണ് അഭിമുഖ പരീക്ഷ നടത്തിയത്. സ്കൂൾ പി.ടി.എയിൽ പ്രവർത്തിച്ചു എന്നതാണ് മനോജ് കുമാറിന്‍റെ യോഗ്യത. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉൾപ്പെട്ട സമിതിയാണ് ഇയാളെ തെരഞ്ഞെടുത്തത്.

Comments (0)
Add Comment