വിഴിഞ്ഞം സംഘർഷഭരിതം: ബാരിക്കേഡ് തകർത്തെറിഞ്ഞ് പ്രതിഷേധക്കാർ; അദാനി ഗ്രൂപ്പിന്‍റെ ഓഫീസില്‍ കൊടി നാട്ടി

Jaihind Webdesk
Friday, August 19, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയർത്തി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം സംഘർഷഭരിതം. ബാരിക്കേഡ് തകർത്ത്  തുറമുഖ നിർമാണ മേഖലയില്‍ പ്രവേശിച്ച സമരക്കാർ അദാനി ഗ്രൂപ്പിന്‍റെ ഓഫീസില്‍ കൊടി നാട്ടി. ചർച്ചയ്ക്ക് സർക്കാർ സന്നദ്ധത അറിയിച്ചെങ്കിലും ശാശ്വത പരിഹാരമാകുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖകവാടം ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധക്കാര്‍ പോലീസ് നിരത്തിയ ബാരിക്കേഡുകള്‍ മറികടന്ന് തുറമുഖ പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. അതീവ സുരക്ഷാ മേഖലയിലേക്ക് സമരക്കാർ കടന്നതോടെ സ്ഥലത്ത് സംഘർഷഭരിതമായ അന്തരീക്ഷമാണുള്ളത്.

ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം സമരക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്തെങ്കിലും  തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന്  സമരക്കാർ നിലപാടെടുത്തു. തുടർന്നാണ് ഇന്ന് രാവിലെ സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.

തീരശോഷണത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുക, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പുനർപഠനം നടത്തുക, തുറമുഖ നിർമ്മാണം മൂലം തൊഴിൽ നഷ്ടപ്പെട്ടവരെ സംരക്ഷിക്കുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്നാട് മോഡല്‍ സബ്സിഡി നടപ്പാക്കുക, മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് മത്സ്യതൊഴിലാളികളുടെ സമരം. പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. തുറമുഖ പദ്ധതിയുടെ പുനരധിവാസ പാക്കേജ് ചര്‍ച്ച ചെയ്യാന്‍ 22ന് മന്ത്രിതല ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം സഭാ നേതൃത്വത്തെ കാണുമെന്ന് സൂചനയുണ്ടെങ്കിലും തങ്ങളെ ഒരു ചർച്ചയിലേക്കും ക്ഷണിച്ചിട്ടില്ലെന്ന് അതിരൂപതാ പ്രതിനിധികള്‍ പറയുന്നു. എന്തായാലും സമരം ശക്തമായി തുടരാനാണ് ഇവരുടെ തീരുമാനം.