പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദ് വീണ്ടും അറസ്റ്റില്‍

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് അറസ്റ്റ്. പൊലീസ് കുറ്റപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ആദ്യ കേസില്‍ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. അനര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതില്‍ തിരിമറി കാണിച്ചുവെന്നാണ് പുതിയ കേസ്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രളയ ദുരിതാശ്വാസ സഹായം തിരിച്ചടച്ച 291 പേരില്‍ 266 പേരുടെ പണം കൈകാര്യം ചെയ്തത് കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു പ്രസാദാ‌ണ്. ഇയാള്‍ ഒപ്പിട്ട് വാങ്ങിയ ഒരു കോടി പതിമൂന്ന് ലക്ഷം രൂപയില്‍ 48.3 ലക്ഷം മാത്രമാണ് ട്രഷറിയില്‍ അടച്ചത്. ബാക്കി പണം വിഷ്ണു തട്ടിയെടുത്തെന്നാണ് കേസ്.

എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് ആയിരുന്ന വിഷ്ണുപ്രസാദ് മുഖ്യസൂത്രധാരനായ തട്ടിപ്പില്‍ സിപിഎം പ്രാദേശിക നേതാക്കളടക്കം ഉള്‍പ്പെട്ടിരുന്നു. വിഷ്ണുപ്രസാദിന്‍റെ സുഹൃത്ത് മഹേഷ്, മഹേഷിന്‍റെ ഭാര്യ നീതു, സിപിഎം ലോക്കൽ കമ്മിറ്റി അംഗം നിഥിൻ, ഭാര്യ ഷിന്‍റു, സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത് എന്നിവരാണ് ആദ്യ കേസിലെ മറ്റ് പ്രതികള്‍.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നതിന്‍റെ തെളിവുകളുമായി രംഗത്തു വന്നത്. സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയതെന്ന് ഗിരീഷ് – മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പിനും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ മൂന്നാം പ്രതിയും–തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം.അൻവറിന് സഹകരണ ബാങ്കിൽ നിന്ന് പണം കൈമാറാൻ സമ്മർദ്ദം ചെലുത്തിയത് സക്കീർ ഹുസൈനാണെന്നും പരാതിയിൽ പറയുന്നുണ്ട്.

Comments (0)
Add Comment