കാരുണ്യ പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടിക്കും കെ.എം മാണിക്കും വിജിലന്‍സിന്‍റെ ക്ലീന്‍ചിറ്റ് ; ക്രമക്കേടില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

Jaihind Webdesk
Wednesday, April 28, 2021

തിരുവനന്തപുരം : കാരുണ്യ പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ ധനകാര്യമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്‍റെ ക്ലീന്‍ചിറ്റ്. പദ്ധതിയില്‍ ക്രമക്കേടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. 2017ലാണ് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത്.

കാരുണ്യ പദ്ധതിയില്‍ സർക്കാരിനു മാത്രമായിരുന്നു നേട്ടമെന്നും, രോഗികൾക്ക്  പ്രയോജനം ലഭിച്ചില്ലെന്നും കാണിച്ച് മലപ്പുറം സ്വദേശിയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ധനമന്ത്രി കെ.എം മാണി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, മുൻ ലോട്ടറി ഡയറക്ടർ എന്നിവർക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. കേസ് അന്വേഷിച്ച വിജിലൻസ്, പദ്ധതിയിൽ അഴിമതി ഉണ്ടായില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകി.

എന്നാൽ വിജിലൻസ് റിപ്പോർട്ട് പരിഗണിക്കവെ വിജിലൻസ് പ്രോസിക്യൂട്ടർ ഇതിനെ എതിർത്തു. വിഷയത്തിലെ  എ.ജിയുടെ അന്വേഷണ  റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം  ഉത്തരവ് മതി എന്ന് അദ്ദേഹം വാദിച്ചു. തുടർന്ന് എ.ജി കൂടി പദ്ധതിയിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കെ.എം മാണിക്കും തിരുവനന്തപുരം വിജിലൻസ് കോടതി ക്ലീന്‍ചിറ്റ് നല്‍കിയത്.