എകെജി സെന്‍റർ സ്ഥിതിചെയ്യുന്ന വാർഡില്‍ യുഡിഎഫിന് വിജയം ; എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു

Jaihind News Bureau
Wednesday, December 16, 2020

 

തിരുവനന്തപുരം:  സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍റർ സ്ഥിതിചെയ്യുന്ന കുന്നുകുഴി വാർഡിൽ യുഡിഎഫിനു വിജയം. കോൺഗ്രസ് സ്ഥാനാർ‌ഥി മേരി പുഷ്പം 1254 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ഒലീനയ്ക്ക് 933 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. എൻഡിഎ സ്ഥാനാർഥി ബിന്ദു 232 വോട്ടുകൾ നേടി.  എൽഡിഎഫ്  സ്ഥാനാർത്ഥി എ.ജി ഒലീനയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായിരുന്നു.

അതേസമയം തിരുവനന്തപുരം മേയർ കെ.ശ്രീകുമാറും പരാജയപ്പെട്ടു. കരിക്കകം വാർഡിലാണ് തോല്‍വി. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥികളും തോറ്റിരുന്നു. കുന്നുകുഴി വാർഡിലെ സിപിഎം സ്ഥാനാർത്ഥി എ.ജി ഒലീനയും നെടുങ്കാട് ഡിവിഷനിലെ സ്ഥാനാർത്ഥി എസ്. പുഷ്പലതയുമാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി മേരി പുഷ്പമാണ് സി.പി.എം മേയർ സ്ഥാനാർത്ഥി ഒലീനയെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 22, എൻഡി.എ 13, യു.ഡി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.