‘നിയമസഭയില്‍ ഒരു എൽഡിഎഫ് എംഎൽഎ ഞങ്ങളെ കുത്തി കൊന്നാല്‍ അതിനും കിട്ടുമോ പ്രിവിലേജ്?’: ചോദ്യവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ക്രിമിനൽ കുറ്റങ്ങളിൽ എംഎൽഎമാർക്ക് എങ്ങനെയാണ് പ്രിവിലേജ് ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയ്ക്ക് അകത്ത് സംസാരിക്കുന്ന കാര്യങ്ങളിൽ കേസെടുക്കാൻ പാടില്ല എന്നതാണ് പ്രിവിലേജ് എന്നും സതീശൻ ചൂണ്ടിക്കാട്ടി. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയ പരാമർശങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇക്കാര്യത്തിൽ സുപ്രിം കോടതി രൂക്ഷമായ വിമർശനം നടത്തിയിട്ടുണ്ട്. നിയമപരമല്ലാത്ത ഒരാവശ്യത്തെ ഇന്ത്യയിലെ ഒരു കോടതിയും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കാരണം പരസ്യമായി, ലോകത്തിലെ മുഴുവൻ മലയാളികളെയും സാക്ഷിയാക്കി, നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചതു കണ്ടതാണ്. എംഎൽഎമാർക്ക് എന്തു പ്രിവിലേജ് ആണ് ഉള്ളത്. ഈ കേസ് പിൻവലിക്കാൻ ഗവൺമെന്റിനെ അനുവദിച്ചാൽ നാളെ ഒരു സിപിഎം എംഎൽഎ, അല്ലെങ്കിൽ ഒരു എൽഡിഎഫ് എംഎൽഎ ഞങ്ങളെ ആരെയെങ്കിലും കുത്തിക്കൊന്നാലോ? അപ്പോൾ നിയമസഭയുടെ പ്രവിലേജ് കിട്ടുമോയെന്നും സതീശന്‍ ചോദിച്ചു

‘നിയമസഭയിൽ എന്താ എംഎൽഎമാർക്കുള്ള പ്രിവിലേജ്? അവിടെ സംസാരിക്കുന്ന കാര്യങ്ങൾക്ക് അതിന്റെ പേരിൽ കേസെടുക്കാൻ പാടില്ല. അതാണ് പ്രിവിലേജ്. നിയമസഭയ്ക്ക് അകത്തോ പാർലമെന്റിലെ ഒരു ക്രിമിനൽ കുറ്റം ചെയ്താൽ അതിൽ എങ്ങിനെയാണ് ഒഴിവു കിട്ടുന്നത്. അതാണ് എന്റെ ചോദ്യം. നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചത് ക്രിമിനൽ കുറ്റമാണ്’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Comments (0)
Add Comment