മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു ; കെ റെയില്‍ സമരത്തിന് യുഡിഎഫ് പിന്തുണ : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, March 22, 2022

സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നവരെ മുഖ്യമന്ത്രിയും മന്ത്രിമാരും അധിക്ഷേപിക്കുന്നത് അധികാരത്തിന്‍റെ ലഹരി തലയ്ക്ക് പിടിച്ചത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കർഷക സമരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടത് പോലെ മുഖ്യമന്ത്രി പിണറായി വിജയൻ കെ റെയിൽ സമരത്തെ നേരിടുകയാണെന്ന് വിഡി.സതീശൻ കുറ്റപ്പെടുത്തി.

കെ റെയിൽ വിഷയത്തിൽ സർക്കാറിന് ജനങ്ങളോട് സംസാരിക്കണം എന്ന് തോന്നിയത് ഇപ്പോഴാണ്. പ്രതിപക്ഷം അത് സ്വാഗതം ചെയ്യുന്നു.ജനകീയ സമരങ്ങളെ ഇപ്പോൾ സി.പി.എമ്മിന് പുച്ഛമാണെന്നും പിണറായി വിജയന്‍റെ രാജ സദസിലെ വിദുഷകരുടെ ജോലിയാണ് ഇ.പി.ജയരാജനും, സജി ചെറിയാനുമെല്ലാം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

സമരത്തിന്‍റെ മുൻ നിരയിൽ തങ്ങൾ ഉണ്ടാവും.മുഖ്യമന്ത്രി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പിണറായി വിജയന് കൂടെ ഉള്ളവരെ ഭയപ്പെടുത്താമെന്നും ജനങ്ങള ഭയയപ്പടുത്താൻ കഴിയില്ലെന്നും വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.പദ്ധതി എന്താണെന്ന് പോലും സർക്കാറിന് അറിയില്ല. ഡി.പി.ആർ പഠിച്ചിട്ടില്ല.എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് സമരത്തിനിറങ്ങിയതെന്നും കെ.റെയിൽ അനുവദിക്കുന്ന പ്രശ്നമില്ലന്നും അദ്ദേഹം വ്യക്തമാക്കി.